അനധികൃത യാത്രപ്പടി: മുൻ എം.പി പി.കെ. ബിജുവിനെതിരെ വിജിലൻസിന് പരാതി
text_fieldsതിരുവനന്തപുരം: ചട്ടവിരുദ്ധമായി അന്യായ യാത്രപ്പടി കൈപ്പറ്റിയെന്ന് കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) സിൻഡിക്കേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെതിരെ വിജിലൻസിന് പരാതി. ബിജു ഭാര്യക്കൊപ്പം തലസ്ഥാനത്താണ് താമസിക്കുന്നതെന്നും എന്നാൽ, തൃശൂരിൽനിന്ന് തിരുവനന്തപുരം വരെയുള്ള യാത്രപ്പടിയാണ് കൈപ്പറ്റുന്നതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ കുറ്റപ്പെടുത്തി.
രണ്ടുവർഷത്തിനിടെ ടി.എ, സിറ്റിങ് ഫീ തുടങ്ങിയ ഇനത്തിൽ 12 ലക്ഷത്തിലധികം രൂപ അനധികൃതമായി എഴുതിയെടുത്തു. ബിജുവിനെ നാമനിർദേശം ചെയ്ത സർക്കാർ ഉത്തരവിലും സർവകലാശാല വെബ്സൈറ്റിലും നിയമസഭ മറുപടിയിലും കോട്ടയം ജില്ലയിലെ വിലാസമാണ്.
മറ്റ് സിൻഡിക്കേറ്റ് അംഗങ്ങളുടെ യാത്രപ്പടിയിലും മുഖ്യമന്ത്രിക്ക് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. 2014 ൽ പ്രവർത്തനമാരംഭിച്ച സർവകലാശാലയുടെ സിൻഡിക്കേറ്റിൽ 2021 മുതൽ ആറുപേരെക്കൂടി അധികമായി നാമനിർദേശം ചെയ്യുകയായിരുന്നു. ഇവരാണ് ഏറ്റവും കൂടുതൽ തുക യാത്രപ്പടി, സിറ്റിങ് ഫീസ് ഇനത്തിൽ കൈപ്പറ്റിയത്. മാത്രമല്ല, ഇവരെ സിൻഡിക്കേറ്റ് അംഗങ്ങളാക്കിയ നിയമഭേദഗതിയിൽ ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
മറ്റു സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തുക ടി.എ, സിറ്റിങ് ഫീ, ഇൻസ്‌പെക്ഷൻ ഫീ ഇനത്തിൽ കൈപ്പറ്റുന്നത് കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങളാണ്. പി.കെ. ബിജു 12,20,898 രൂപയാണ് കൈപ്പറ്റിയത്.
തൊട്ടുപിന്നിൽ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അസോ. പ്രഫസർ ഡോ. സഞ്ജീവ് 10,88,777 രൂപയും തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഡ്വ. സാജു 10,84,610 രൂപയുമാണ് കൈപ്പറ്റിയത്. അസോസിയേറ്റ് പ്രഫസറുടെ ശമ്പളത്തിന് പുറമെയാണ് ഡോ. സഞ്ജീവ് ഈ ഭീമമായ തുക പറ്റിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

