Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചട്ടവിരുദ്ധം, 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; സർക്കാർ ശിപാർശ പി.എസ്.സി തള്ളി

text_fields
bookmark_border
ചട്ടവിരുദ്ധം, 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; സർക്കാർ ശിപാർശ പി.എസ്.സി തള്ളി
cancel

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ 18 അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള സംസ്ഥാന സർക്കാർ ശിപാർശ പി.എസ്.സി തള്ളി. ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽനിന്ന് ചിലത് മാത്രം തെരഞ്ഞെടുത്ത് നീട്ടിനൽകാൻ നിലവിലെ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗ ശിപാർശ തള്ളിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ശിപാർശ പ്രകാരമാണ് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി കഴിയുന്ന 18 റാങ്ക് പട്ടികകൾ ആറ് മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗം പി.എസ്.സിയോട് ശിപാർശ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്തസമ്മേളനത്തിലും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, നിശ്ചിത കാലയളവിൽ കാലാവധി അവസാനിക്കുന്ന പട്ടികകളിൽ ചിലതിന് മാത്രമായി കാലാവധി നീട്ടാൻ ചട്ടം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പി.എസ്.സി ശിപാർശ തള്ളിയത്. ഇക്കാര്യം സർക്കാറിനെ അറിയിക്കാനും കമീഷൻ യോഗം തീരുമാനിച്ചു.

സർക്കാർ ശിപാർശയിൽ പി.എസ്.സി തീരുമാനം വൈകിയപ്പോൾ ഇക്കാര്യത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അത് പി.എസ്.സിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ശിപാർശയിലെ തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താൻ മുഖ്യമന്ത്രിയോ സർക്കാറോ തയാറായില്ലെന്നും പകരം ഉദ്യോഗാർഥികൾക്ക് മുന്നിൽ പി.എസ്.സിയെ കരിവാരിത്തേക്കാനുള്ള ഗൂഢനീക്കമാണ് നടത്തിയതെന്നും കമീഷൻ യോഗത്തിൽ വിമർശനം ഉയർന്നു. ചട്ടപ്രകാരം അനുവദിനീയമല്ലെന്ന് വ്യക്തമായിട്ടും ശിപാർശ അയച്ചത് ഇതിന്‍റെ ഭാഗമാണെന്ന വിമർശനവുമുണ്ടായി. ശിപാർശ പി.എസ്.സി അംഗീകരിച്ചില്ലെന്ന വാദമുയർത്തി രക്ഷപ്പെടാനുള്ള വഴിയാണ് സർക്കാർ തേടിയതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി.എസ്.സി അധികൃതർ വീണ്ടും ആവർത്തിച്ചു. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു. പി.എസ്.സി അംഗങ്ങളെ കുറ്റക്കാരാക്കാനും പൊതുജനമധ്യത്തിൽ മോശക്കാരാണെന്ന് ചിത്രീകരിക്കാനുമുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ പേരിൽ നടക്കുന്നതെന്ന് കമീഷൻ യോഗത്തിൽ വിമർശനം ഉയർന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ പി.എസ്.സിക്ക് സ്വതന്ത്രമായ ചില അധികാരങ്ങളുണ്ട്. ആ സാഹചര്യത്തിൽ സർക്കാറിന്‍റെ കീഴിലുള്ള അന്വേഷണ ഏജൻസി നോട്ടീസ് നൽകി അവരുടെ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കേണ്ടെന്ന പൊതുനിലപാടാണ് യോഗത്തിലുണ്ടായത്. തുടർന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal, the validity of 18 rank lists will not be extended; PSC rejects government recommendation
Next Story