തിരുവനന്തപുരം: മുൻ ഡി.ജി.പി പി.ജെ. അലക്സാണ്ടർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റപത്രം വായിച്ചു. വിചാരണ ഉടൻ ആരംഭിക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
1980 ഏപ്രിൽ 30 മുതൽ 1991 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ മുൻ ഡി.ജി.പി പി.ജെ. അലക്സാണ്ടർ സ്രോതസ്സ് വ്യക്തമാക്കാതെ 65 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. ഇക്കാലയളവിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എം.ഡി ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
1995 ഡിസംബർ 11നാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുന്നത്. പി.ജെ. അലക്സാണ്ടറാണ് കേസിലെ ഏക പ്രതി. കേസിൽ വിചാരണ ഘട്ടത്തിൽ പരിഗണിക്കേണ്ട രേഖകൾ അടങ്ങിയ വിവരം സി.ബി.ഐ ഹാജരാക്കി.