പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ: മുൻകൂർ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി നാരായൺ സ്വാമി
text_fieldsപത്തനംതിട്ട: പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി നാരായൺ സ്വാമി മുൻകൂർ ജാമ്യാപേക്ഷ നൽകി. പത്തനംതിട്ട സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഏറെ വിവാദമായ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ വനം വകുപ്പ് തടസ്സഹരജി നൽകിയിട്ടുണ്ട്.
നിലവിൽ മൂന്നു പ്രതികളെയാണു അറസ്റ്റു ചെയ്തിട്ടുള്ളത്. ഇയാൾ അടക്കം ആറ് പേരെക്കൂടി കേസിൽ പിടികൂടാനുണ്ട്. മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രധാന പ്രതികൾക്ക് പൊന്നമ്പലമേട്ടിലേക്ക് എത്താൻ വഴി കാണിച്ചുകൊടുത്ത വനം വകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരും ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണനും നേരത്തേ അറസ്റ്റിലായെങ്കിലും പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
നാരായണ സ്വാമി ഡൽഹിയിലുണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും വനം വകുപ്പ് ഇയാളെ പിടികൂടാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശബരിമലയുടെ മൂലസ്ഥാനമായി കരുതപ്പെടുത്ത പൊന്നമ്പലമേട്ടിൽ കടന്നുകയറിയുള്ള അനധികൃത പൂജയെ അതിഗൗരവത്തോടെയാണ് ദേവസ്വം ബോർഡും ഭക്തരും കാണുന്നത്. ഹൈകോടതി സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കർശനമായ നിലപാടാണ് ഹൈകോടതി സ്വീകരിച്ചിട്ടുള്ളത്.