അനധികൃത പാർക്കിങ്; ബൈപാസ് അപകടപാത
text_fieldsമൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റ് റോഡിലെ അനധികൃത പാര്‍ക്കിങ്
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ വെള്ളൂർക്കുന്നം-ഇ.ഇസി-മാര്‍ക്കറ്റ്-കീച്ചേരിപ്പടി ബൈപാസ് റോഡിലെ അനധികൃത പാര്‍ക്കിങ് അപകടങ്ങൾക്കിടയാക്കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പൈനാപ്പിൾ അടക്കമുള്ള ലോഡ് കാത്തുകിടക്കുന്ന അന്തർസംസ്ഥാന ലോറികളാണ് ഇ.ഇ.സി മാർക്കറ്റിനും സ്റ്റേഡിയത്തിനും സമീപം റോഡിനിരുവശവും പാർക്ക് ചെയ്യുന്നത്.
പൊതുവേ വീതികുറഞ്ഞ ഭാഗത്ത് റോഡിലേക്ക് കയറ്റിയാണ് ലോറികൾ രാപ്പകൽ ഭേദമെന്യേ പാർക്ക് ചെയ്തുവരുന്നത്. പാർക്കിങ് ലൈറ്റുകൾ പോലും തെളിക്കാതെ പാർക്ക് ചെയ്യുന്നത്, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അപകടം ക്ഷണിച്ചുവരുത്തുകയാണ്. ഈ ഭാഗങ്ങളിൽ വഴിവിളക്കുകൾപോലുമില്ല. നഗരത്തിലെ തിരക്കുകള്‍ ഒഴിവാക്കി കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും എറണാകുളം, പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും പ്രധാനമായും ആശ്രയിക്കുന്നത് ഇ.ഇ.സി മാര്‍ക്കറ്റ് ബൈപാസ് റോഡിനെയാണ്.
അധികൃതരുടെ നിസ്സംഗതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നാഷനല്‍ പെര്‍മിറ്റ് ലോറികളുടെയും ജോലിക്കെത്തുന്നവരുടെയും പാര്‍ക്കിങ് കേന്ദ്രം കൂടിയായി റോഡ് മാറിയതോടെ റോഡിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരുസൈഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ലോറി പാർക്കിങ്ങിനായി രണ്ട് വണ്ടിപ്പേട്ട നഗരസഭയുടെ കീഴിലുണ്ട്.
എവറസ്റ്റ് കവലക്ക് സമീപം ഹോമിയോ ആശുപത്രിക്ക് അടുത്തും സ്റ്റേഡിയത്തിനു പിറകുവശത്തുമാണിവ. ആവശ്യത്തിലേറെ സൗകര്യങ്ങളുള്ള ഇവ ഒഴിവാക്കിയാണ് റോഡിലെ അനധികൃത പാർക്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

