പെരിന്തൽമണ്ണയിൽ അനധികൃത ഖനനം വ്യാപകം
text_fieldsപെരിന്തൽമണ്ണ: താലൂക്കിലെ പാതായ്ക്കര, ഏലംകുളം, വലമ്പൂർ, പുലാമന്തോൾ വില്ലേജുകളിൽ കോവിഡ് നിയന്ത്രണത്തിെൻറ മറവിലും ചെങ്കൽ, കരിങ്കൽ ഖനനം തകൃതി. ഇടക്ക് റവന്യൂ ഉദ്യോഗസ്ഥരെത്തി ലോറിയോ മണ്ണുമാന്തിയോ പിടിച്ചെടുക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ പ്രദേശങ്ങളിൽ വീണ്ടും ഖനനം തുടരുകയാണ്.
ക്വാറി നടത്തിപ്പുകാർക്കും സ്ഥലം ഉടമകൾക്കുമെതിരെ നടപടിയില്ലാതെ വാഹന ഉടമകളിൽ നടപടി ഒതുങ്ങുന്നതാണ് കാരണം. ലൈസൻസുള്ള ഒരു ക്വാറിപോലും ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം മൈനിങ് ആൻഡ് ജിയോളജി വിഭാഗം മറുപടി നൽകിയ ഇതേ പ്രദേശത്തെ ചില വില്ലേജുകളിൽ ഏറക്കാലമായി വൻതോതിൽ ഖനനം നടന്നിരുന്നു.
ഉദ്യോഗസ്ഥ പരിശോധനയിൽ ഇവിടെനിന്ന് ലോറികൾ പിടികൂടിയിരുന്നെങ്കിലും അതേ പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും അനധികൃത ഖനനം നടക്കുന്നത്. പാതായ്ക്കര, ഏലംകുളം, വലമ്പൂർ, പുലാമന്തോൾ വില്ലേജുകളിൽ ചെങ്കൽ, കരിങ്കൽ ഖനനത്തിലേർപ്പെട്ട മണ്ണുമാന്തി യന്ത്രം, രണ്ടു ട്രെയിലർ ലോറി, മൂന്ന് ടിപ്പർ ലോറി എന്നിവ റവന്യൂ സംഘം പിടിച്ചെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവ പിടികൂടിയത്. വാഹനങ്ങൾ താലൂക്ക് ഓഫിസ് വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. തഹസിൽദാർ പി.ടി. ജാഫറലി, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.കെ. സെബാസ്റ്റ്യൻ, രാജഗോപാലൻ, സി. വല്ലഭൻ, എ. വേണുഗോപാലൻ, രഘുനാഥ്, താലൂക്കിലെ റവന്യൂ ജീവനക്കാരൻ ആരിഫ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
