അനധികൃത മത്സ്യബന്ധനം; ചെറുമീനുകളുമായി ബോട്ട് ഫിഷറീസ് പിടിയിൽ
text_fieldsവൈപ്പിൻ: മുനമ്പത്ത് അനധികൃതമായി ചെറുമീനുകളെ പിടിച്ച ‘അനുഗ്രഹ’ എന്ന ബോട്ട് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജിബിനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഗസ്റ്റ് 20ന് വൈകുന്നേരം ആറുമണിയോടെ പരിശോധന നടത്തി ബോട്ട് കസ്റ്റഡിയിലെടുത്തത്.
നിയമവിരുദ്ധമായി പിടിച്ചെടുത്ത ഒമ്പത് ടണ്ണോളം ചെറുമത്സ്യങ്ങളും ബോട്ടിൽ നിന്ന് കണ്ടെടുത്തു. കിളിമീൻ, ഉലുവച്ചി, പാമ്പാട തുടങ്ങിയ ഇനത്തിൽപ്പെട്ട വളർച്ചയെത്താത്ത മീനുകളാണ് ഇവയിലധികവും. മെക്കാനിക് എസ്. ജോയ്, ഫിഷറി ഗാർഡുമാരായ ഇ.എസ് അനീഷ്, യു.എ റോയ്, റാഫേൽ പിങ്ക്സൺ, റസ്ക്യൂ ഗാർഡുമാരായ, ജിപ്സൺ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പിടിച്ചെടുത്ത ബോട്ടിനും മീനിനുമെതിരെയുള്ള തുടർ നടപടികൾക്കായി എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു അജുഡിക്കേഷൻ നടപടികൾ ആരംഭിച്ചു. വരുംദിവസങ്ങളിലും അനധികൃത മത്സ്യബന്ധനത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാൻ കൂട്ടായ തീരുമാനം
വൈപ്പിൻ: മത്സ്യമേഖലയിലെ അനിയന്ത്രിതമായ ചെറുമത്സ്യബന്ധനവും നിരോധിത മത്സ്യബന്ധന രീതികളും തടയുന്നതിന് വിവിധ തൊഴിലാളി സംഘടനകളും മത്സ്യമേഖലയിലെ സംഘടനകളും കൈകോർക്കുന്നു. കഴിഞ്ഞ ദിവസം മത്സ്യമേഖല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഐ.എൻ.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു എന്നീ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികൾ, മുന്നമ്പത്തെ വിവിധ ഹാർബറുകളിലെ മത്സ്യത്തൊഴിലാളി സംഘടനാ ഭാരവാഹികൾ, ബോട്ട് ഉടമ പ്രതിനിധികൾ, വിവിധ മത്സ്യബന്ധന മേഖലയിലെ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹാർബറുകളിൽ ഭക്ഷ്യയോഗ്യമായ ചെറുമത്സ്യങ്ങൾ പിടിച്ചുകൊണ്ടുവരുന്നതും വിൽക്കുന്നതും വാങ്ങുന്നതും പൂർണമായി ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. മത്സ്യമേഖലയുടെ നിലനിൽപ്പിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ഇത്തരം നടപടികൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
ഹാർബറുകളിലും സമീപ പ്രദേശങ്ങളിലുമുള്ള മത്സ്യബന്ധന കേന്ദ്രങ്ങളിലും നിരോധിത മത്സ്യയിനങ്ങളുടെ പിടിത്തം നടന്നാൽ അവ വാഹനങ്ങളിലോ മറ്റ് മാർഗങ്ങളിലോ കടത്തിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു. മത്സ്യമേഖലയുടെ സംരക്ഷണത്തിനായി കൈക്കൊണ്ട തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായും സംഘടനാപരമായും നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. യോഗത്തിൽ ചെയർമാൻ പി.പി ഗിരീഷ്, ട്രഷറർ പി.എസ് ഷൈൻകുമാർ, കൺവീനർ കെ.ബി രാജീവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

