അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldsകടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ തകർന്ന വീട്
ഒറ്റപ്പാലം: കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. വീടിനകത്തുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഉഗ്ര സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. അമ്പലപ്പാറ കടമ്പൂർ മാണിക്കംപാറയിലെ ചേറുങ്ങോട്ടിൽ ജാനകിയുടെ (68) ഓടിട്ട വീടാണ് തകർന്നത്. ജാനകിക്കും മകൻ ഷാജേഷിനുമാണ് (35) പരിക്കേറ്റത്. വ്യാഴാഴ്ച അർധരാത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
ഇവരുടെ വീടിന് സമീപമുള്ള ചേറുങ്ങോട്ടിൽ സരോജിനി, ഗംഗാധരൻ കൊട്ടേക്കാട്ടിൽ എന്നിവരുടെ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും മേൽക്കൂരക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മേൽക്കൂരയിൽ നിന്ന് തെറിച്ച ഓടുകൾ 200 മീറ്ററോളം അകലെയുള്ള റോഡിലേക്ക് തെറിച്ചതായി അയൽവാസികൾ പറയുന്നു.
സ്‌ഫോടനത്തിൽ തകർന്ന വീട് കേന്ദ്രീകരിച്ച് അനധികൃതമായി ഓലപ്പടക്കം നിർമിച്ചിരുന്നതായും പാരമ്പര്യമായി പടക്കനിർമാണമാണ് ഇവരുടെ തൊഴിലെന്നും പൊലീസ് പറഞ്ഞു. നിലവിൽ ഇവർക്ക് ലൈസൻസില്ലെന്നും 2024ൽ ജാനകിയുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും ഷൊർണൂർ ഡിവൈ.എസ്.പി കെ.സി. വിനു പറഞ്ഞു.
സ്ഫോടന സാഹചര്യം ഉൾപ്പടെയുള്ളവ സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡിവൈ.എസ്.പി അറിയിച്ചു. പൊലീസിന്റെ ശാസ്ത്രീയ പരിശോധന വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

