‘ഔഷധി’യുടെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ; ശോഭന ജോർജിനെതിരെ അന്വേഷണ റിപ്പോർട്ട് ഉണ്ടെന്ന് മന്ത്രി കെ മുരളീധരൻ
text_fieldsവി.പി. സജീന്ദ്രൻ, കെ. മുരളീധരൻ
തിരുവനന്തപുരം: ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും നാരങ്ങാനീരും ഉൾപ്പെടെ വൻതുകക്ക് വാങ്ങി ‘ഔഷധി’യുടെ ചെലവിൽ മുൻ ചെയർപേഴ്സൺ ശോഭന ജോർജ് നടത്തിയ അനധികൃത സൗന്ദര്യചികിത്സ സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു.
ചെയർപേഴ്സണ് സൗജന്യചികിത്സക്ക് അർഹതയില്ലെന്നും ആയുർവേദ പഞ്ചകർമ ആശുപത്രിയിൽ സൗന്ദര്യ ചികിത്സാരീതികൾ നിലവിലില്ലെന്നുമുള്ള വസ്തുത നിലനിൽക്കെയാണ് കോഴിമുട്ടയും പൂമൊട്ടുകളും ഉപയോഗിച്ചുള്ള ചികിത്സ അരങ്ങേറിയത്. ഇതിലേക്ക് ദിവസേന ഉപയോഗിച്ചത് കിലോക്കണക്കിന് ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളുമെന്നുമാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എ.സി മുറിയിൽ നടന്ന ഈ ചിട്ടവട്ടങ്ങൾക്കായി ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തൽ.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെയാണ് അനധികൃത സൗജന്യ സൗന്ദര്യ ചികിത്സ നടത്തിയത്. റിപ്പോർട്ടിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വി.പി. സജീന്ദ്രന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വയ്ക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തളം വയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് മുന്‍ ഔഷധി ചെയര്‍മാന്‍ കണ്ടുപിടിച്ചതായി വാര്‍ത്ത കണ്ടു. അതിന് എന്തെങ്കിലും പേറ്റന്റ് കിട്ടിയിട്ടുണ്ടോ? ഈ മുന്‍ ചെയർപേഴ്സന്റെ കണ്ടുപിടിത്തം ഔദ്യോഗികമായി ഔഷധി അംഗീകരിച്ചിട്ടുണ്ടോ?. അംഗീകരിച്ചിട്ടില്ലെങ്കില്‍ മുന്‍ ഔഷധി ചെയർപേഴ്സന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ? എന്നിങ്ങനെയായിരുന്നു എം.എല്‍.എയുടെ ചോദ്യങ്ങൾ.
സാധാരണക്കാര്‍ക്ക് മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ആരംഭിച്ച സ്ഥാപനമാണ് ഔഷധിയെന്ന് മുരളീധരന്‍ പറഞ്ഞു. പല റിസര്‍ച്ചുകളും അവിടെ നടക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തിലും നല്ല രീതിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. അവിടെ സൗന്ദര്യ ചികിത്സയ്ക്കല്ല പ്രാധാന്യം. ജനത്തിന്റെ ആരോഗ്യത്തിനാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

