പീരുമേട് ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിൽ അധികൃതരുടെ ഒത്താശയോടുകൂടി അനധികൃത നിർമാണം തടയണം -വെൽഫയർ പാർട്ടി
text_fieldsതൊടുപുഴ: പീരുമേട് ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിൽ അധികൃതരുടെ ഒത്താശയോടുകൂടി അനധികൃത നിർമാണം തടയണമെന്ന് വെൽഫയർ പാർട്ടി. പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജിൽ ടി.ആർ ആൻഡ് ടീ കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ 35 മൈൽ പ്രവേശന കവാടത്തിന് വലത് സൈഡിലായി കെട്ടിട നിർമാണം നടക്കുന്നത്.
ഈ ഭൂമിയിലെ അനധികൃത നിർമാണം തടയുന്നതിന് ഇടുക്കി കലക്ടർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി പീരുമേട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ ഭൂമിയിലേക്ക് മാർച്ച് നടത്തി ഭൂമി പിടിച്ചെടുക്കുമെന്ന് വെൽഫയർ പാർട്ടി നേതാക്കളായ എൻ.എം. അഷ്റഫ് നാസറുദ്ദീനും ബൈജു സ്റ്റീഫനും പ്രസ്താവനയിൽ അറിയിച്ചു.
എസ്റ്റേറ്റ് ഭൂമിയിന്മേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് കട്ടപ്പന സബ് കോടതിയിൽ(ഒ.എസ്-56/2020 നമ്പർ) കേസ് തള്ളിയെങ്കിലും ഈ കേസിൽ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2023 ആഗസ്റ്റ് 18ന് സ്റ്റേ അനുവദിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ ഈ ഭൂമി ഏറ്റെടുക്കൽ നടപടി കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ ഭൂമി മറിച്ചു വിൽക്കുവാനോ ഈ ഭൂമിയിൽ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുവാനോ കമ്പനിക്ക് അധികാരം ഇല്ല. ഈ സ്ഥലത്ത് കെട്ടിടം നിർമിക്കണമെങ്കിൽ പഞ്ചായത്തിൻറെ അനുമതിയും തഹസിൽദാരുടെ എൻ.ഒ.സിയും ആവശ്യമാണ്. ഇതൊന്നുമില്ലാതെയാണ് കെട്ടിടം നിർമിക്കുന്നതെങ്കിൽ നിർമാണ പ്രവർത്തനം തടയുന്നതിനുള്ള അധികാരം താലൂക്ക് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കുമുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരുമായി ബന്ധപ്പെട്ടപ്പോൾ നിർമാണം തടഞ്ഞു നോട്ടീസ് നൽകിയെന്നാണ് മറുപടി നൽകിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന തഹസിൽദാരുടെ ഉത്തരവ് ധിക്കരിച്ച് നിർമാണം നടത്തിയാൽ പൊലീസിനെ ഉപയോഗിച്ച് തടയുവാൻ തഹസിൽദാർക്ക് അധികാരം ഉണ്ട്. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഒത്തു കളിക്കുകയാണെന്നും പ്രസ്താനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

