അനധികൃത കെട്ടിട നിർമാണം: എൻജിനീയർമാരുടെ ലൈസൻസ് റദ്ദാക്കും –മന്ത്രി കെ.ടി. ജലീൽ
text_fieldsതിരൂർ: സംസ്ഥാനത്ത് ഇനി അനധികൃത കെട്ടിടങ്ങൾ നിർമിച്ചാൽ ബന്ധപ്പെട്ട എൻജിനീയറുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കുകയും ആർകിടെക്ടുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീൽ. തലക്കാട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2017 ജൂലൈ വരെയുള്ള അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കുമ്പോൾ ചുമത്തുന്ന പിഴ തദ്ദേശ സ്ഥാപനങ്ങളും സർക്കാറും തുല്യമായി പങ്കിടുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് മാസത്തിനകം നിലവിലുള്ള കെട്ടിട നിയമങ്ങളിൽ സമൂലമായ ഭേദഗതി നടപ്പാക്കും. ഇപ്പോഴുള്ള അനധികൃത കെട്ടിടങ്ങളിൽ മിക്കതിനും വളരെ നിസ്സാരമായ കാരണങ്ങളാണുള്ളത്. അനധികൃതമായി തുടരുന്നവ ഇടിച്ചുനിരത്തിയാൽ അവശിഷ്ടങ്ങൾ വലിയ പാരിസ്ഥിതിക വിഷയമാകും. അതിനാലാണ് പിഴ ചുമത്തി ക്രമവത്കരിക്കാൻ തീരുമാനിച്ചത്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കാണ് സർക്കാർ നിശ്ചയിക്കുക. രണ്ട് ദിവസത്തിനകം വ്യക്തത വരുത്തും.
ഇനി അനധികൃതമായി കെട്ടിടം നിർമിച്ചാൽ അതിനെതിരെ കർശന നടപടിയുണ്ടാകും. കരിമ്പട്ടികയിലുൾപ്പെടുത്തുന്ന ആർകിടെക്ടുകളുടെ വിവരങ്ങൾ ഫോട്ടോ സഹിതം തദ്ദേശ വകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വയലുകൾ നികത്തി നിർമിച്ച വീടുകളിൽ കഴിയുന്നവർക്ക് താൽക്കാലിക കെട്ടിട നമ്പറുപയോഗിച്ച് റേഷൻ കാർഡ്, ആധാർ കാർഡ്, കുടിവെള്ള, പാചകവാതക കണക്ഷനുകളുൾെപ്പടെ നേടുന്നതിന് നിയമനിർമാണം നടത്തും.
3000 സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾക്ക് താൽക്കാലിക നമ്പർ അനുവദിക്കും. ഇപ്പോൾ 1500 സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾക്കാണ് താൽക്കാലിക കെട്ടിട നമ്പർ നൽകുന്നത്. ഒരേ വീട്ടിൽ പല കുടുംബങ്ങൾ താമസിക്കുന്ന അവസ്ഥ കേരളത്തിലുണ്ട്. അത്തരം വീടുകളെ ഫ്ലാറ്റുകളായി കണക്കാക്കി ഓരോ കുടുംബം താമസിക്കുന്ന മുറികൾക്ക് പ്രത്യേക നമ്പർ നൽകി റേഷൻ കാർഡുൾെപ്പടെ അനുവദിക്കും. തീരദേശ മേഖലയിലെ നിർധനർക്കാണ് ഇതിെൻറ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുക. പഞ്ചായത്ത് ഓഫിസുകളിൽനിന്ന് ലഭിക്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
