അനധികൃത ചിട്ടി: കേസുകൾ പിൻവലിക്കാൻ സർക്കാർ ഒത്താശ
text_fieldsകോഴിക്കോട്: ഗോകുലം ചിറ്റ്സിനെതിരായ അനധികൃത ചിട്ടി നടത്തിപ്പ് കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി അനുവാദം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ട് മീഡിയവണ്‍. സാമ്പത്തിക ക്രമക്കേടാതയിനാല് കേസ് പിന്‍വലിക്കേണ്ടതില്ലെന്ന ആഭ്യന്ത്രര സെക്രട്ടറിയുടെ നിർദേശം ആദ്യം അംഗീകരിച്ച മുഖ്യമന്ത്രി ഒരുമാസത്തിനകം നിലപാട് മാറ്റി. സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതും തുടർ അന്വേഷണ സാധ്യതയുള്ളതുമായ കേസുകളാണ് പിന്‍വലിച്ചത്. സർക്കാരിന് വലിയ വരുമാനസാധ്യതയുണ്ടായിരുന്ന നികുതി വെട്ടിപ്പു കേസു കൂടിയാണ് അട്ടിമറിച്ചത്.
2013, 14 വർഷങ്ങളില്‍ ഗോകുലം ചിറ്റ് ഫണ്ട്സിന്റെ കൊല്ലം ബിഷപ് ജെറോം നഗർ ബ്രാഞ്ചിലും കൊട്ടിയം ബ്രാഞ്ചിലും രജിസ്ട്രേഷന് വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലെടുത്ത കേസുകളാണ് പിന്‍വലിച്ചത്. കേസുകള്‍ നില്ക്കുന്നതിനാല് പുതിയ ചിട്ടി തുടങ്ങാന്‍ അനുമതി ലഭിക്കുന്നില്ലെന്നും ഇവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 2018 ഏപ്രില്‍ 16 ന് ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട് തേടി. സാമ്പത്തിക ക്രമക്കേടും ചിട്ടി നിയമത്തിന്റെ ലംഘനവും ഉള്ളതിനാല്‍ കോടതിയുടെ തീർപ്പിന് വിടുന്നതാണ് ഉചിതമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി റിപ്പോർട്ട് നൽകി. ഇത് അംഗീകരിച്ച് മുഖ്യമന്ത്രി കേസ് പിന്‍വലിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. 2018 മെയ് 25 നാണ് ഇത് നടക്കുന്നത്. എന്നാല്‍, തന്റെ അപേക്ഷ ആഭ്യന്തരവകുപ്പില്‍ കെട്ടിക്കിടക്കുന്നുവെന്ന് കാണിച്ച് 2018 ജൂണ്‍ ഒന്നിന് ഗോകുലം ഉടമ വീണ്ടും മുഖ്യമന്ത്രിക്ക് കത്തു നൽകിയെങ്കിലും പഴയ നിലപാടുതന്നെയാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി എഴുതിയത്. പുതിയ സാഹചര്യം ഇല്ലാത്തതിനാല്‍ മുൻ തീരുമാനം തന്നെയാണ് നല്ലതെന്ന സെക്രട്ടറിയുടെ ഈ നോട്ട് മറികടന്ന്, കേസ് പിൻവലിക്കാമെന്ന് മുഖ്യമന്ത്രി ഫയലിലെഴുതുകയായിരുന്നു.
ഇതോടെ കേസ് പിന്‍വലിക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നു. ആഭ്യന്തര വകുപ്പ് കൊല്ലം ജില്ല കലക്ടർക്ക് നിരാക്ഷേപ പത്രം നല്കി. കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് കേസ് പിന്‍വലിക്കാന്‍ അപേക്ഷനല്‍കി. അങ്ങനെ കൊല്ലം ഇസ്റ്റ്, കൊട്ടിയം, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായെടുത്ത അഞ്ചു കേസുകളും അങ്ങനെ പിന്‍വലിക്കപ്പെട്ടു.
ഗോകുലം ചിറ്റ്സിന്റെ കൊല്ലം ബിഷപ് ജെറോം നഗർ, കൊട്ടിയം എന്നീ രണ്ട് ബ്രാഞ്ചുകളിലാണ് പരിശോധന നടന്നത്. കൊട്ടിയം ബ്രാഞ്ചില്‍ മാത്രം കണ്ടെത്തിയത് 66 അനധികൃത ചിട്ടികളാണ്. അതിന്റ സല 2.77 കോടി രൂപ വരും. അതില്‍ മാത്രം നികുതി ഇനത്തില്‍ നഷ്ടമായത് 15 ലക്ഷം രൂപയാണ്. ബിഷപ് ജെറോം നഗർ ബ്രാഞ്ചില്‍ കണ്ടെത്തിയത് 810 അനധികൃത ചിട്ടികളാണ്. അതിന്റെ തുക കേസ് രേഖകളിലില്ല. ഒരു ലക്ഷം രൂപയുടെ ചിട്ടിയാണെന്ന് കണക്കാക്കിയാല്‍ തന്നെ 45 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടമുണ്ട്. അതിലും എത്രയോ വലുതായിരിക്കും 810 ചിട്ടികളുടെ സല എന്ന വ്യക്തമാണ്. അങ്ങനെയെങ്കില്‍ ഒരു കോടി രൂപക്ക് മുകളിലാകും നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

