Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത കെട്ടിട...

അനധികൃത കെട്ടിട നിർമാണം: തൃശൂർ കോർപറേഷന് നഷ്ടമായത് 5.23 കോടി

text_fields
bookmark_border
അനധികൃത കെട്ടിട നിർമാണം: തൃശൂർ കോർപറേഷന് നഷ്ടമായത് 5.23 കോടി
cancel

തൃശൂർ: അനധികൃത കെട്ടിട നിർമാണത്തിൽ നടപടി സ്വീകരിക്കാത്തതിനാൽ തൃശൂർ കോർപറേഷന് നഷ്ടമായത് 5.23 കോടിരൂപ എന്ന് ഓഡിറ്റ് റിപ്പോർട്ട്. മുൻസിപ്പൽ ബിൽഡിങ് ചട്ടങ്ങൾ (കെ.എം.ബി.ആർ) ലംഘിച്ച് പണികഴിപ്പിച്ച കെട്ടിടങ്ങളിൽ നിന്നാണ് പിഴ ഈടാക്കാൻ കഴിയാതെ പോയത്. യു.എ നമ്പരിട്ട 287 എണ്ണത്തിൽ 241ൽ നിന്നുമായി 5.23 കോടിരൂപ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അസംബ്ലി -ഏഴ്, കമേഴ്സ്യൽ- 82 റസിഡൻഷ്യൽ- 128, വിദ്യാഭ്യസം -നാല്, ഓഫിസ് -നാല്, വ്യവസായങ്ങൾ -നാല്, ആശുപത്രി-എട്ട്, മാൾ- ഒന്ന്, മൊബൈൽ ടവർ- മൂന്ന് എന്നിങ്ങനെയാണ് നികുതി അടക്കാനുള്ള സ്ഥാപനങ്ങൾ. കെ.എം.ബി.ആർ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

2019ലെ ചട്ടം നാല് പ്രകാരം മുൻസിപ്പാലിറ്റിയിൽനിന്നും അനുമതിയില്ലാതെ ഏതൊരാളും ഒരു കെട്ടിടം പണിയുകയോ പുനർനിർമിക്കുകയോ വികസിപ്പിക്കുകയോ കൂട്ടിച്ചേർക്കുകയും മാറ്റം വരുത്തുകയോ ചെയ്യരുത്. ചട്ടം 17 (അഞ്ച്) പ്രകാരം ഒരു കെട്ടിടം ഉപയോഗിക്കുന്നതിനു മുമ്പ് അല്ലെങ്കിൽ അതിന്റെ ഉപയോഗം മാറ്റുന്നതിന് മുമ്പ് അപേക്ഷകൻ ലോക്കൽ ബോഡിയിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് നിർബന്ധമാണ്.

ചട്ടം 20 പ്രകാരം കെട്ടിട നിർമാണം പൂർത്തിയായാൽ ഉടമ എൻജിനീയറുടെ സർട്ടിഫിക്കറ്റും പ്ലാനും ഡ്രോയിങ്ങുകളും സഹിതം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. അനധികൃതമായി നിർമിച്ചിട്ടുള്ള കെട്ടിടം പൊളിക്കാനോ നിയമാനുസൃതമായി മാറ്റങ്ങൾ വരുത്താൻ ഉടമയോട് നിർദേശിച്ച് സെക്രട്ടറിക്ക് ഉത്തരവ് പുറപ്പെടുവിക്കാം. ആവശ്യമായി മാര്‍ഗനിർദേശങ്ങൾ പാലിക്കുന്നതുവരെ കെട്ടിട നിർമാണം തടയാനും സെക്രട്ടറിക്ക് അധികാരമുണ്ട്. നിയമവിരുദ്ധമായി നിർമാണങ്ങൾ പൊളിക്കാനും സെക്രട്ടറിക്ക് അധികാരം ഉണ്ട്.

2024 ഡിസംബറിലെ സുപ്രീംകോടതിയുടെ വിധിപ്രകാരം സമയവും ചെലവുകളോ കൂടി എന്ന കാരണത്താൽ അനധികൃത നിർമാണങ്ങൾ നിയമവൽക്കരിക്കാൻ ആവില്ല. കോപ്പറേഷന്‍റെ അഞ്ച് സോണൽ ഓഫിസുകൾ ഉൾപ്പെടെ, വാസയോഗ്യവും, വാണിജ്യവും, മൊബൈൽ ടവർ ഉൾപ്പെടെ 287 അനധികൃത നിർമാണങ്ങൾ കണ്ടെത്തി. ഇവയ്ക്ക് പ്രത്യേക കെട്ടിട നമ്പർ നൽകി നികുതി പിരിക്കുന്നുണ്ടെങ്കിലും ചട്ടപ്രകാരം നടപടി സ്വീരിച്ചിട്ടില്ല. ഈ അനധികൃത കെട്ടിടങ്ങൾ വലിയൊരു സുരക്ഷാ ഭീഷണിയാണ്. കാരണം ഇത്തരം കെട്ടിടങ്ങൾ നിയമപരമായും സുരക്ഷാപരമായും പാലിക്കേണ്ട നിയമങ്ങൾ ഇവർ ലംഘിച്ചിട്ടുണ്ട്.

റൂൾ 90 പ്രകാരം സെക്രട്ടറി അനധിക്യത കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്‌കേണ്ടതാണ്. റൂൾ 32 പ്രകാരം ക്രമവൽക്കരണം ചെയ്യാൻ പറ്റുന്നത് ക്രമവൽക്കരിക്കുകയും, റൂൾ 94(5) പ്രകാരം കോമ്പൗണ്ടിങ് ഫീസ് അടച്ചുതീർക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. എന്നാൽ, ഈ 287 അനധികൃത നിർമിതികളിൽ എത്ര കെട്ടിടങ്ങൾ കെ.എം.ബി.ആർ നിബന്ധനകൾക്ക് വിധേയമായും അല്ലാതെയും പണികഴിപ്പിച്ചു എന്നതിന്റെ സ്ഥല പരിശോധന നടത്തി സക്ഷ്യപ്പെടുത്തിയ യാതൊരു തെളിവും കോർപറേഷനിൽ ലഭ്യമല്ല. ആയതുകൊണ്ട് ഈ 287 അനധികൃത നിർമാണത്തിൽ എത്രയെണ്ണം സമവായ ഫീസ് പിരിച്ചു ക്രമവൽക്കരിക്കാൻ പറ്റുമെന്ന് പറയാൻ സാധ്യമല്ല. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ ഇതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.

മുനിസിപ്പൽ നിയമത്തിലെ വകുപ്പ് 242 പ്രകാരം, സ്വത്തുനികുതി പിരിക്കുന്നതിനായി പ്രത്യേക കെട്ടിട നമ്പർ നൽകുന്നത് കെട്ടിടം നിയമവൽക്കരിക്കപ്പെട്ടതായി കണക്കാക്കാനാവില്ല. യു.എ കെട്ടിടങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനു തടസമില്ലെന്നും നിയമം വ്യക്തമാക്കുന്നു. എന്നാൽ, കോർപറേഷന് കീഴിൽ 287 അനധികൃത കെട്ടിടങ്ങൾക്ക് ഇതുവരെ പ്രത്യേക കെട്ടിട നമ്പർ നൽകി മൂന്നിരട്ടി നിരക്കിൽ വസ്‌തു നികുതി ഡിമാൻഡ് ചെയ്യുകയും പിരിക്കുകയും ചെയ്യുന്നു. ഈ നടപടി വർഷങ്ങളായി നിർബാധം തുടരുന്നു.

കോർപറേഷൻ സെക്രട്ടറി ചട്ടം 96 അനുസരിച്ചുള്ള നടപടികൾ ഒരു കേസിലും സ്വീകരിച്ചിട്ടില്ല. കോർപറേഷൻ അധികൃതരുടെ ഈ അനാസ്ഥ അനധികൃത കെട്ടിടങ്ങൾ നിരന്തരമായി നിലനിൽക്കാനും അനുമതി നേടാതെയുള്ള പുതിയ കെട്ടിട നിർമാണങ്ങൾ വർധിക്കുന്നതിനും കാരണമായി. കെ.എം.ബി.ആർ നിബന്ധനകൾ പാലിക്കാതെയുള്ള നിർമിതിക്കൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയും ഉത്തരവാദിത്തവുമാണ്. അത് പാലിച്ചിട്ടില്ല.

ചട്ടം 20 പ്രകാരം, നിർമാണം പൂർത്തിയായ ഉടമകൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് കോർപറേഷന് സമർപ്പിക്കേണ്ടതാണ്. എന്നാൽ, കെട്ടിട ഉടമകളിൽനിന്ന് പൂർത്തികരണ സർട്ടിഫിക്കറ്റ് സഹിതം ക്രമവൽകരണ അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഈ രേഖകൾ നൽകാൻ കോർപറേഷൻ അധികൃതർക്ക് സാധിച്ചില്ല. അതിനാൽ, ഈ 287 നിർമാണങ്ങൾ ഇന്നും അനധികൃതമായി തന്നെ തുടരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കോർപറേഷൻ സെക്രട്ടറി നിർമാണ നിയമങ്ങൾ കർശനമായി നടപ്പാക്കാത്തതിനാൽ ചട്ടലംഘനങ്ങൾ വെള്ളരിക്ക പട്ടണം പോലെ നിർബാധം തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur corporationIllegal building construction
News Summary - Illegal building construction: Thrissur Corporation lost Rs. 5.23 crore
Next Story