പൊതുവിടങ്ങളിലെ അനധികൃത ബോർഡ് നിയമവാഴ്ചയുടെ പരാജയം; പിഴത്തുകയായ 2.25 കോടി എവിടെയെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊതുവിടങ്ങളിൽ അനധികൃത ബോർഡും ഫ്ലക്സും വീണ്ടും വ്യാപകമാകുന്നത് നിയമവാഴ്ചയുടെ പരാജയമെന്ന് ഹൈകോടതി. ബോർഡ് വെച്ചുള്ള നിയമലംഘനത്തിൽ സർക്കാർ വകുപ്പുകളടക്കം പങ്കാളിയാകുന്നത് ദൗർഭാഗ്യകരമാണ്. കോടതി ഉത്തരവുണ്ടായിട്ടും ഈ സ്ഥിതിയുണ്ടാകുന്നതിൽ അതൃപ്തി അറിയിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം.
അനധികൃത ബോർഡ് നീക്കാൻ മതിയായ നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. നീക്കിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ബാധ്യത ഈടാക്കുമെന്ന് സർക്കുലർ ഇറക്കിയതായും അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ 4500 ബോർഡ് നീക്കിയതായി കോർപറേഷൻ അറിയിച്ചു. അങ്ങനെയെങ്കിൽ ബോർഡ് ഒന്നിന് 5000 രൂപ വീതം പിഴത്തുകയായ 2.25 കോടി എവിടെയെന്ന് കോടതി ചോദിച്ചു. പിഴ ഈടാക്കിയില്ലെങ്കിൽ ജില്ല കലക്ടറെ ഇടപെടുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി.
ആലുവ നഗരത്തിൽ ഒട്ടേറെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ട കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നീക്കാൻ നഗരസഭ സെക്രട്ടറി തയാറായില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ചെയർമാന്റെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നാണ് സെക്രട്ടറി പറയുന്നതെന്നും അറിയിച്ചു.
അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ വിശദീകരണം നൽകിയില്ലെങ്കിൽ സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

