അനധികൃത ബാനർ: ഉത്തരവ് അവഗണിച്ചാൽ കർശന നടപടി -ഹൈകോടതി
text_fieldsകൊച്ചി: പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കാനുള്ള കോടതി ഉത്തരവ് അവഗണിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ഹൈകോടതി. ഉത്തരവ് നടപ്പാക്കാത്തപക്ഷം കോടതിയലക്ഷ്യ നടപടിയടക്കം നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കോടതി വിലക്കിയിട്ടും അനധികൃത ബാനറുകളും കൊടിതോരണങ്ങളും റോഡിലാകെ നിറയുകയാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ മുന്നറിയിപ്പ്. പാതയോരങ്ങളിലും നടപ്പാതകളിലും നിയമം ലംഘിച്ച് കൊടികളും ബാനറുകളും വെക്കുന്നതിനെതിരായ ഹരജികളാണ് പരിഗണിച്ചത്. അനധികൃത ബാനറുകളും കൊടികളും നീക്കംചെയ്യാൻ പഞ്ചായത്തുതല സമിതികൾ വരെ ഉണ്ടാക്കിയിട്ടും ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി ജൂൺ ആറിന് പരിഗണിക്കാൻ മാറ്റി.