പൂക്കോട് സർവകലാശാലയിലെ നിയമനം ചട്ടവിരുദ്ധം: നിരവധി പേർക്ക് ജോലി നഷ്ടപ്പെടും
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ 2014ൽ പ്രഫസർ തസ്തികയിലേക്ക് നടന്ന നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ഹൈകോടതി. 2014 ജൂണിൽ വിജ്ഞാപനമിറക്കി യൂനിവേഴ്സിറ്റിയിൽ നടന്ന അസി. പ്രഫസർ നിയമനം നേടിയ 105 പേരുടെ കാര്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് 2018ൽ കോടതി കണ്ടെത്തിയിരുന്നു. നിയമനങ്ങൾ കോടതി അന്ന് റദ്ദാക്കി.
ഈ വിധിയുടെ അടിസ്ഥാനത്തിൽ മാനദണ്ഡപ്രകാരം റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നവർ തങ്ങളുടെ നിയമന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ഡിവിഷൻ െബഞ്ച് കഴിഞ്ഞദിവസം പുതിയ വിധി പ്രസ്താവിച്ചത്. നിയമനം കിട്ടിയ പലരും പ്രായപരിധി കഴിഞ്ഞവരാണെന്ന് കോടതി കണ്ടെത്തി.
വയസ്സിളവ് സംബന്ധിച്ച നിബന്ധനകൾ സർവകലാശാലയുടെ നിയമ സംഹിത അനുസരിച്ചു നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി. സർവകലാശാലയുടെ നിയമാവലിയിലെ 149 ഖണ്ഡികയിൽ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഇത് നിയമന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പറയുന്നു. ഇവ സർവകലാശാലയുടെ നിയമാനുസൃതമായ അധികാര പരിധിക്ക് പുറത്താണ്. കോടതി വിധിയോടെ സർവകലാശാലയിലെ നിരവധി പേർക്ക് ജോലി നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
