ഐ.എച്ച്.ആർ.ഡി കോളജ് അടച്ചുപൂട്ടി
text_fieldsമുക്കം: 18 വർഷം നിരവധി വിദ്യാർഥികൾക്ക് ആശ്രയമായി പ്രവർത്തിച്ച ഐ.എച്ച്.ആർ.ഡി കോളജ് പ്രവർത്തനം അവസാനിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തോട്ടക്കാട്ടാണ് കോളജ് പ്രവർത്തിച്ചിരുന്നത്. ഒക്ടോബർ ഒന്നുമുതൽ സ്ഥാപനം അടച്ച് പൂട്ടിയ നിലയിലാണ്. ജീവനക്കാരെയെല്ലാം പറഞ്ഞയച്ചു. പ്രിൻസിപ്പലിന് വാഴക്കാട് ഐ.എച്ച്.ആർ.ഡി കോളജിലേക്ക് സ്ഥലം മാറ്റം നൽകി. ഫർണിച്ചർ ഉൾപ്പെടെ ഉപകരണങ്ങളെല്ലാം അടുത്തുള്ള ഐ.എച്ച്.ആർ.ഡി കോളജുകളിലേക്ക് എത്തിച്ചുനൽകാനാണ് നിർദ്ദേശം. കെട്ടിടത്തിന് രാത്രി കാവൽക്കാരനെ നിയമിച്ചിട്ടുണ്ട്.
ആഴ്ചയിലൊരു ദിവസം പഴയ പ്രിൻസിപ്പൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണം. 2008 ആരംഭിച്ച കോളജിന് പുതിയ കെട്ടിടം അനുവദിച്ചപ്പോഴും നിർമാണം കഴിഞ്ഞ് അവിടേക്ക് മാറ്റുന്നത് സംബന്ധിച്ചും കോളജ് റൂട്ടിൽ ബസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും സമരങ്ങളും ഒക്കെ ഉണ്ടായ സ്ഥാപനമാണ് ഇപ്പോൾ പ്രവർത്തനം തന്നെ നിർത്തിയത്. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ എത്താതായതാണ് പ്രവർത്തനം നിലക്കാൻ പ്രധാന കാരണമായത്. 14 വർഷത്തോളം നോർത് കാരശ്ശേരിയിലെ വാടക ക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചുവന്നത്.
കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സൗജന്യമായി കിട്ടിയ 1.20 ഏക്കറിലാണ് സി. മോയിൻകുട്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി അനുവദിച്ച് കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമിച്ച് ആറുവർഷത്തിനുശേഷം 2022ലാണ് വാടകക്കെട്ടിടത്തിൽനിന്ന് അവിടേക്ക് പ്രവർത്തനം മാറ്റിയത്. കോളജ് മാറ്റാൻ വൈകിയതുമായി ബന്ധപ്പെട്ടും നിരവധി സമരങ്ങളുണ്ടായി. ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടത്തിൽ രണ്ടുവർഷത്തോളമായി പ്രവർത്തിച്ചുവന്ന പി.എം. വിശ്വകർമ്മ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്റർ പ്രവർത്തനവും നിലച്ചു.
പ്രമേയം പാസാക്കി പഞ്ചായത്ത് ഭരണസമിതി
മുക്കം: ഐ.എച്ച്.ആർ.ഡി കോളജ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ച് സ്ഥാപനം ഇവിടെത്തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വിഷയത്തിൽ അടിയന്തരമായി ഇടപെടുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം കോളജ് സന്ദർശിച്ച് പ്രിൻസിപ്പലുമായി ചർച്ച നടത്തി. കോളജിനായി പഞ്ചായത്ത് സ്പോൺസർഷിപ്പിലൂടെ ഭൂമി വാങ്ങി നൽകുകയും വിവിധ ഘട്ടങ്ങളിലായി സ്വന്തം ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയ തുക ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ അവതരിപ്പിച്ച പ്രമേയത്തെ പഞ്ചായത്ത് അംഗങ്ങളായ സജി തോമസ്, സുനില കണ്ണങ്കര എന്നിവർ പിന്താങ്ങി. പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിലും സന്ദർശനത്തിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അക്ബർ, വൈസ് പ്രസിഡന്റ് എം. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സവാദ് ഇബ്രാഹിം, ജിപ്സ ജോബിൻ, അബ്ദുൽ ഹരീഫ്, പഞ്ചായത്ത് അംഗങ്ങളായ സജി തോമസ്, കെ.സിമുബഷിർ, സബീന തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

