മില്ലറ്റുകൾ നിത്യഭക്ഷണമാക്കിയാൽ രോഗങ്ങൾ നമ്മെ കീഴ് പ്പെടുത്തില്ലെന്ന് ഡോ. ഖാദർ വാലി
text_fieldsതിരുവനന്തപുരം: മില്ലറ്റുകൾ (ചെറുധാന്യങ്ങൾ) നിത്യഭക്ഷണമാക്കിയാൽ രോഗങ്ങൾക്ക് നമ്മെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ലെന്ന് പത്മശ്രീ ഡോ. ഖാദർ വാലി (മില്ലറ്റ് മാൻ ഓഫ് ഇന്ത്യ). മില്ലറ്റ് മിഷൻ - കേരളയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷാ ചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന "അന്നമാണ് ഔഷധം" സംസ്ഥാന തല മില്ലറ്റ് കാമ്പയിന്‍ ശില്‍പ്പശാലയും എക്സിബിഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരിയും ഗോതമ്പും വിളയിക്കാൻ സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ മില്ലറ്റ് ഉല്പാദനത്തിന് നൽകി കർഷകരെ പ്രോത്സാഹിപ്പിച്ചാൽ, ഇവയെക്കാൾ വില കുറച്ച് മില്ലറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹം മുതൽ കാൻസർ വരെയുള്ള ജീവിത ശൈലി രോഗങ്ങൾക്കും ആധുനിക വൈദ്യശാസ്ത്രവും വിദഗ്ധർ എന്ന് അവകാശപ്പെടുന്നവരും ചികിത്സയില്ലായെന്ന് വിധിച്ചിട്ടുള്ള മാരകരോഗങ്ങളെ മാറ്റുവാൻ പോലും മില്ലറ്റുകൾക്ക് കഴിയുമെന്ന് തന്റെ ചികിത്സാ അനുഭവങ്ങൾ വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
തൈക്കാട് ഗാന്ധിഭവനിൽ നടന്ന പരിപാടി ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഖാദർ വാലി മില്ലറ്റ് പ്രമോഷൻ നെറ്റ് വർക്ക് ദേശീയ കോ- ഓർഡിനേറ്റർ പ്രഫ. ഗാംഗി റെഡ്‌ഡി, സ്വദേശി - ജി.സി. ആർ.ഡി ഡയറക്ടർ ഡോ. ജേക്കബ്ബ് പുളിക്കന്‍, സഹായി ഡയറക്ടർ ജി. പ്ലാസിഡ്, പ്ലാനറ്റ് കേരള എക്സി. ഡയറക്ടർ ആന്റണി കുന്നത്ത്, മില്ലറ്റ് മിഷൻ ചീഫ് കോ- ഓർഡിനേറ്റർ പി.കെ ലാല്‍, മിത്രനികേതൻ ജോ. ഡയറക്ടർ ഡോ. രഘു രാമദാസ്, ജൈവകർഷക സമിതി നേതാവ് വി.സി. വിജയൻ മാസ്റ്റർ, ദീപാലയം ധനപാലൻ, എ. മനോമോഹൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
🪷വൈകീട്ട് അഞ്ചിന് നടന്ന പൊതുസമ്മേളനത്തിൽ ഡോ. ഖാദർവാലിക്ക് പൗര സംഘടനകളുടെ ആദരവ് നൽകി. നബാർഡ് സഹായത്തോടെ ശാന്തിഗ്രാം പ്രസിദ്ധീകരിച്ച മില്ലറ്റ് മാഹാത്മ്യം എന്ന കൈപുസ്തകം ട്രാൻസ് പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിന് നൽകി കൊണ്ട് ഡോ. ഖാദർവാലി പ്രകാശനം ചെയ്തു. നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജെയിംസ് പി. ജോർജ് മുഖ്യാതിഥിയായിരുന്നു., മില്ലറ്റ് മിഷൻ കേരള ചെയർപേഴ്സൻ എസ്. ശ്രീലത അധ്യക്ഷത വഹിച്ചു. മില്ലറ്റ് കൃഷി, ചികിൽസ , പ്രചാരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നൽകിയവരെ ഡോ. ഖാദർ വാലി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

