ആത്മാഭിമാനമുണ്ടെങ്കിൽ രാഷ്ട്രീയ മേലാളന്മാരോട് സർക്കാരിൽനിന്ന് രാജിവെക്കാൻ ആഹ്വാനം ചെയ്യണം- സി.പി.എം അനുകൂല സംഘടന
text_fieldsതിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ രാഷ്ട്രീയ മേലാളന്മാരോട് സർക്കാരിൽനിന്ന് രാജിവെക്കാൻ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻസ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകൾ തമ്മിൽ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആർജിച്ചിരിക്കുകയാണ്.
രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കിൽ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകൾക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയിൽ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷൻ പണിമുടക്ക് പൊളിക്കാൻ നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമർശനം ഉയർത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകൾ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ഇമ്മിണിബല്ല്യ ആഹ്വാനം നൽകി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികൾക്കൊപ്പം തോളിൽ കൈയിടാൻ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിൽ ആക്ഷൻ (ഇല്ലാത്ത) കൗൺസിലവും, സംഘും പിന്നെ വിരലിൽ എണ്ണാവുന്നവരും ചേർന്നാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. അന്തിച്ചന്തയിൽ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വർഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.
ആത്മാഭിമാനമുണ്ടെങ്കിൽ രാഷ്ട്രീയ മേലാളന്മാരോട് സർക്കാരിൽനിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാൻ. കോൺഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോൻ സർക്കാർ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവർക്കും അറിയാം. ശമ്പള പരിഷ്കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടർ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാർ 1973ൽ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.
ഒപ്പം കുടിയിരിക്കുന്ന കേന്ദ്ര ഭരണക്കാരും യു.ഡി.എഫുകാരുമാണ് ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എക്കാലവും കവർന്നെടുത്തതെന്ന് നോട്ടീസിൽ ഓർപ്പെടുത്തി. സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണിയുടെയും ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറിന്റെയും പേരിലാണ് നോട്ടീസ്.
അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോൾ മുട്ടിടിക്കുന്ന കുട്ടിസഖാക്കൾക്ക് ഇപ്പോൾ ഡി.എ വേണ്ട, സറണ്ടർ വേണ്ട, പേറിവിഷൻ വേണ്ട, സ്റ്റാറ്റ്യൂട്ടറി പെൻഷൻ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാൽ മതി എന്നാണ് ആക്ഷൻ കൗൺസിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

