സി.പി.എം പിറകോട്ടടി ആർ.എസ്.എസ് ചർച്ചയുടെ ഉള്ളടക്കം വെളിപ്പെടുത്താനാവാത്തതിനാൽ -പി. മുജീബുറഹ്മാൻ
text_fieldsമലപ്പുറം: മുസ്ലിം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിന് സി.പി.എം എതിരല്ല എന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന സി.പി.എം -ആർ.എസ്.എസ് ചർച്ചയുടെ ഉള്ളടക്കം വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യത്തിലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ.
വിഷയത്തിൽനിന്ന് രക്ഷപ്പെടാനുള്ള യുടേൺ ആണ് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെന്നും അദ്ദേഹം മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ചയുടെ വിശദാംശം പ്രതിപക്ഷ കക്ഷികളുൾപ്പെടെ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സി.പി.എം വെളിപ്പെടുത്തുന്നില്ല.
ശ്രീ എമ്മുമായി ബന്ധപ്പെട്ട ട്രസ്റ്റിന് നാലേക്കർ സ്ഥലം അനുവദിച്ചതിൽ പരിമിതമല്ല കാര്യങ്ങൾ. പരസ്പരമുള്ള കൊലപാതകങ്ങളുടെ കാര്യത്തിൽവരെ തീരുമാനമായിട്ടുണ്ട്. അതുവഴി രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ നിലച്ചുവെങ്കിലും അതിന്റെ ദിശ മാറിയിട്ടുണ്ട് എന്ന വായനയുമുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്ന ഒത്തുതീർപ്പാണ് നടന്നതെന്ന് പറയേണ്ടിവരും.
ആൾക്കൂട്ട കൊലപാതകം നടത്തിയവരുമായി എന്തിനാണ് ചർച്ച എന്ന് ചോദിക്കുന്ന സി.പി.എം രാഷ്ട്രീയ കൊലപാതകം നടത്തുന്നവരുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം.
ആർ.എസ്.എസുമായി ചർച്ച നടത്താൻ കൊലപാതക പാരമ്പര്യമുണ്ടാകണമെന്ന് അതിനർഥമുണ്ടോ? ശ്രീ എം മഹാനാണ് എന്നത് ആർ.എസ്.എസുമായുള്ള ചർച്ചക്കുശേഷമുണ്ടായ രാഷ്ട്രീയ സമീപന മാറ്റത്തിന്റെ ഭാഗമാണോ എന്ന് സി.പി.എം വ്യക്തമാക്കണം.
ആർക്കും ആർ.എസ്.എസുമായി ചർച്ച നടത്താം, ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിനാണ് തങ്ങൾ എതിരെന്ന് പറയുന്നത് രാഷ്ട്രീയ ജന്മിത്വമാണ്.
രാജ്യത്ത് ആരുമായും ചർച്ച നടത്താമെന്ന നിലപാടുള്ള ജമാഅത്തിന് ആർ.എസ്.എസുമായി ചർച്ച നടത്താൻ സി.പി.എമ്മിൽനിന്ന് ടോക്കൺ എടുക്കേണ്ട ഗതികേടില്ല. ആരുമായി ചർച്ച നടത്തി എന്നതല്ല ചർച്ചയുടെ ഉള്ളടക്കമാണ് പ്രധാനം.
ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിലല്ല, മുസ്ലിം സംഘടനകളും ആർ.എസ്.എസും തമ്മിലാണ് ചർച്ച നടന്നത്.
അതിന്റെ വിശദാംശങ്ങൾ ഇതിനകം വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പരിജ്ഞാനമുള്ള എം.വി. ഗോവിന്ദനിൽനിന്ന് ഇത്തരം അപഹാസ്യമായ നിലപാട് വരുന്നതിനു പിന്നിൽ ഏത് ഉപദേശക വൃന്ദമാണുള്ളതെന്ന് സി.പി.എം പഠിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോധ യാത്രയല്ല, ധ്രുവീകരണ യാത്രയാണെന്നും പി. മുജീബുറഹ്മാൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂർ, പി. അബ്ദുൽ ഹകീം നദ്വി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

