അമ്പലക്കള്ളന്മാരെ അകത്തിടുകയാണ് യു.ഡി.എഫ് സർക്കാറിന്റെ ആദ്യ നടപടി -കെ.സി. വേണുഗോപാൽ
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ കാസർകോട് കുമ്പളയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ജാഥ നായകന് പതാകകൾ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
കുമ്പള: ജനങ്ങളെ ജാതിയുടെപേരിൽ തമ്മിലടിപ്പിക്കാതെ ഒന്നിപ്പിച്ച് നടത്തുന്ന പുതിയ സർക്കാർ ഉടൻ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് എ.ഐ.സി.സി സംഘടന ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുമ്പളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിൽവന്നാൽ ലൈഫ് മിഷൻ പദ്ധതിയും ക്ഷേമപെൻഷനുകളും ഇല്ലാതാക്കുമെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. ആർ. ശങ്കർ ആരംഭിച്ച ക്ഷേമപെൻഷൻ ശക്തമായി തന്നെ തുടരും. ഇക്കാര്യത്തിൽ യു.ഡി.എഫിന് പ്രത്യേക താൽപര്യംതന്നെയുണ്ട്. ‘ക്ഷേമപെൻഷൻ പാവപ്പെട്ടവന്റെ അവകാശമാണ്, എൽ.ഡി.എഫിനെ പോലെ തെരഞ്ഞെടുപ്പ് താൽപര്യമല്ല’. പറഞ്ഞ വാക്ക് പാലിക്കാനുള്ള യാത്രയാണ് യു.ഡി.എഫ് നടത്തുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ചെയ്യുന്ന ആദ്യനടപടി ശബരിമലയിലെ അമ്പലക്കള്ളന്മാരെ അറസ്റ്റ് ചെയ്യുക എന്നതാണ്. പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന രീതിയിൽ അന്വേഷണം അട്ടിമറിച്ചത് സി.പി.എമ്മാണ്. തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോയാൽ പ്രതികളെ രക്ഷപ്പെടുത്താമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ അത് നടപ്പില്ല. പ്രത്യേക അന്വേഷണസംഘത്തിൽ സമ്മർദം ചെലുത്തിയാണ് ശബരിമല സ്വർണ മോഷണക്കേസിലെ പ്രതികൾക്ക് ജയിൽമോചനം സാധ്യമാക്കിയത്.
കമ്യൂണിസ്റ്റ് സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്നത് കോൺഗ്രസുകാർ മാത്രമല്ല, സി.പി.എമ്മിനകത്തുതന്നെ വലിയൊരു വിഭാഗം ഈ ഗവൺമെൻറ് മാറിയേ തീരൂ എന്ന് ആഗ്രഹിക്കുന്നു.
യു.ഡി.എഫ് പുതുയുഗ യാത്രക്ക് കുമ്പളയിൽ തുടക്കം
കുമ്പള: ‘നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ’ മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ക്ക് കാസർകോട് കുമ്പളയിൽനിന്ന് തുടക്കമായി. കുമ്പളയിൽ ഒരുക്കിയ പ്രത്യേക വേദിയിൽ നിറഞ്ഞ സദസ്സിൽ എ.ഐ.സി.സി സംഘടന ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ജാഥ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ഘടകകക്ഷികളുടെ മുഴുവൻ കൊടികളും വി.ഡി. സതീശന് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
മാറ്റത്തിനുവേണ്ടി കൊതിക്കുന്ന കേരളത്തിന്റെ സുപ്രധാന ആഗ്രഹമായിരിക്കും ഈ ജാഥയുടെ പര്യവസാനത്തിൽ ഉണ്ടാകുകയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സെമിഫൈനലിൽ മത്സരിച്ച് ജയിച്ച മുന്നണിയാണ് യു.ഡി.എഫ്. കേരളത്തിലെ ജനങ്ങൾക്കുള്ള ഏറ്റവും പ്രധാന വാഗ്ദാനം യു.ഡി.എഫിന്റെ സർക്കാർ എന്നതാണ് -അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ അടൂർ പ്രകാശ് എം.പി സ്വാഗതം പറഞ്ഞു.
എ.ഐ.സി.സി നിരീക്ഷക ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജേസഫ്, മോൻസി ജോസഫ്, മുൻ മന്ത്രി എം.എം. ഹസ്സൻ, മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ അനൂപ് ജേക്കബ്, സി.എം.പി ജന. സെക്രട്ടറി സി.പി. ജോൺ, കെ. മുരളീധരൻ, കെ.സി. ജോസഫ്, എം.പിമാരായ ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ, ആന്റേ ആൻറണി, കെ. സുധാകരൻ, ഷാഫി പറമ്പിൽ, കർണാടക തൊഴിലാളി ക്ഷേമനിധി ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, ടി. സിദ്ദീഖ്, എ.കെ.എം. അഷ്റഫ്, പി.സി. വിഷ്ണുനാഥ്, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ. ബഷീർ, നജീബ് കാന്തപുരം, എൻ. ഷംസുദ്ദീൻ, ചാണ്ടി ഉമ്മൻ, പി.വി. അൻവർ, ഘടകകക്ഷിനേതാക്കളായ നേതാക്കളായ സോണി സെബാസ്റ്റ്യൻ, സി.കെ. ജാനു, ഷിബു ബേബി ജോൺ, അജയ് തറയിൽ, പാലോട് രവി, ദീപ്തി മേരി വർഗീസ്, വി.എസ്. ശിവകുമാർ, എ.പി. അനിൽ കുമാർ, രമ്യ ഹരിദാസ്, എ.എസ്. രാജൻ ബാബു, കരീം ചേലേരി, കെ. നീലകണ്ഠൻ, ഹകീം കുന്നിൽ, ഷാനിമോൾ ഉസ്മാൻ, എ. ഗോവിന്ദൻ നായർ, മാഹിൻ കല്ലട്ര, പി.കെ. ഫൈസൽ, എ. അബ്ദുറഹ്മാൻ, അഡ്വ. ഗോവിന്ദൻ നായർ, മുൻ മന്ത്രി സി.ടി. അഹമ്മദലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

