അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവുണ്ടെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവുണ്ടോയെന്ന് ഉറപ്പുവരുത്താതെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. അറസ്റ്റ് പാടില്ലെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് കെ.എസ്.എഫ്.ഇയുമായുള്ള സാമ്പത്തിക ഇടപാട് കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി നിയാസലിയെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഉത്തരവ്.
മുൻകൂർ ജാമ്യ ഹരജി നിലവിലുണ്ടെങ്കിൽ അറസ്റ്റു ചെയ്യുംമുമ്പ് പ്രോസിക്യൂട്ടറോട് അന്വേഷിച്ച് ഇടക്കാല ഉത്തരവില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് ഡി.ജി.പിക്ക് ഹൈകോടതി രജിസ്ട്രി നൽകണമെന്നും പൊലീസ് സ്റ്റേഷനുകളിലേക്ക് ഡി.ജി.പി നിർദേശം നൽകണമെന്നും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബറിൽ നിയാസലി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ അറസ്റ്റ് തടഞ്ഞ് ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെ താമരശ്ശേരി സി.ഐ പ്രതിയെ അറസ്റ്റ് ചെയ്തു. ഹരജി വീണ്ടും പരിഗണനക്ക് വന്നപ്പോൾ ഇടക്കാല ഉത്തരവ് മറികടന്ന് അറസ്റ്റ് ചെയ്ത വിവരം ഹരജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കോടതി ഉത്തരവിനെ തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായ സി.ഐ, തനിക്കു തെറ്റുപറ്റിയതാണെന്നും ദയവുണ്ടാകണമെന്നും അപേക്ഷിച്ചു.
ജനുവരി 16 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇടക്കാല ഉത്തരവിലുണ്ടായിരുന്നതെന്നും ഈ തീയതിക്കു ശേഷം ഹരജി പരിഗണനക്ക് വന്നിരുന്നില്ലെന്നും കെ.എസ്.എഫ്.ഇ മാനേജർ വ്യക്തമാക്കി. ഏപ്രിൽ 29നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് കാരണമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

