വിഴിഞ്ഞം സമര നേതൃസ്ഥാനത്തു നിന്നും പുരോഹിതൻമാർ മാറിനിൽക്കുന്നു; സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരത്തിെൻറ നേതൃസ്ഥാനത്തുനിന്നും പുരോഹിതൻമാർ മാറിനിൽക്കും. ഇനി അൽമായർ നേതൃത്വം നൽകും. സമരമവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്താൻ ലത്തീൻ അതിരൂപതയുടെ പള്ളികളിൽ ഇന്നലെ ഇടയലേഖനം വായിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വിഴിഞ്ഞം പള്ളിയിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേരിട്ടെത്തി വിശ്വാസികളുമായി സംസാരിച്ചു.
നൂറുദിവസത്തിലധികം നീണ്ടസമരം, കൃത്യമായ ഉറപ്പുലഭിക്കാതെ ഏകപക്ഷീയമായി അവസാനിപ്പിച്ചുവെന്ന വിമർശനം വിശ്വാസികൾക്കുണ്ട്. തുടർസമരങ്ങൾക്ക് പുരോഹിതർ നേരിട്ട് നേതൃത്വം നൽകേണ്ടെന്ന് സമരസമിതി തീരുമാനിച്ചു. വിശ്വാസികളുടെയും അൽമായരുടെയും നേതൃത്വത്തിലുള്ള സമരമായിരിക്കും ഇനി നടക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പ്രത്യേകസമിതിയെയും സമരസമിതി നിയമിച്ചിരിക്കുകയാണ്.
വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം നിർത്തിവെച്ചതെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരരംഗത്തെത്തുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രദേശത്ത് വർഗീയസംഘർഷമുണ്ടാകുമെന്ന ആശങ്ക സമരമവസാനിപ്പിക്കാൻ കാരണമായി. ഇതിനിടെ, പേരിൽ തന്നെ രാജ്യദ്രോഹിയാണെന്ന മന്ത്രി വി. അബ്ദുറഹിമാനെതിരായ ഫാ തിയോഡോഷ്യസ് ഡിക്രൂസിന്റെ പ്രസ്താവന സമരത്തിനുള്ള പൊതുസമൂഹത്തിന്റെ പിൻതുണ ഇല്ലാതാക്കിയെന്നാണ് വിമർശനം. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ മുന്നോട്ട് പോകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

