ശോഭക്ക് വോട്ടുകുറഞ്ഞാൽ പഴി നേതൃത്വത്തിന്
text_fieldsതിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രെൻറ പ്രകടനം മെച്ചപ്പെടുത്തുന്നതുൾപ്പെടെ കാര്യങ്ങളിൽ ഉത്തരവാദിത്തം ബി.ജെ.പി നേതൃത്വത്തിന്. കഴിഞ്ഞതവണ മത്സരിച്ച വി. മുരളീധരൻ നേടിയതിെനക്കാൾ കൂടുതൽ വോട്ട് ശോഭക്ക് ലഭിച്ചില്ലെങ്കിൽ അത് സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കും. ശോഭയെ കൊല്ലത്ത് മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിെൻറ നീക്കം.
മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് നേതൃത്വത്തെ വെട്ടിലാക്കിയ ശോഭയാണ് ഒടുവിൽ എതിർപ്പുകളെ വകഞ്ഞുമാറ്റി കേന്ദ്ര നേതൃത്വത്തിെൻറ പിന്തുണയോടെ സ്ഥാനാർഥിയായത്. കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർഥിയെത്തുമെന്നായിരുന്നു ബി.ജെ.പി നേതാക്കൾ പറഞ്ഞത്.
ഇപ്പോൾ ശോഭയാണ് അതെന്ന് പ്രചരിപ്പിക്കുകയാണ് അവർ. ശോഭ മത്സരിക്കുന്നതിെന എതിർത്തത് വി. മുരളീധരനും കെ. സുരേന്ദ്രനുമാണെന്ന നിലയിലുള്ള പ്രചാരണമാണുണ്ടായത്. അതെല്ലാം തള്ളി മുരളീധരൻ രംഗെത്തത്തി. താൻ ശോഭയെ വിളിച്ചെന്നും അവർക്കുവേണ്ടി ശനിയാഴ്ച മണ്ഡലത്തിൽ പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.