'ശബരിമല കോഴിക്കോടായിരുന്നെങ്കില്‍ കോർപറേഷൻ പണ്ടേ അയ്യപ്പന്റെ പൊന്ന് അടിച്ചുമാറ്റിയേനെ'- ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. ശബരിമല കോഴിക്കോടായിരുന്നെങ്കില്‍ കോര്‍പറേഷന്‍ പണ്ടേ മുഴുവന്‍ സ്വര്‍ണവും അടിച്ച് മാറ്റിയേനേ എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കോഴിക്കോട് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭരിക്കുന്നവര്‍ നന്നാവാന്‍ വേണ്ടിയല്ല, ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് യു.ഡി.എഫ് വോട്ട് ചോദിക്കുന്നത്. ഇത്രയും കാലം കോര്‍പറേഷന്‍ ഭരിച്ചവര്‍ക്ക് മാത്രമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്. തലപ്പത്തിരിക്കുന്നവര്‍ക്ക് വലിയ വളര്‍ച്ചയാണുള്ളത്. എന്നാല്‍, ജനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടായിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭരണം കിട്ടിയാല്‍ ജനങ്ങള്‍ നന്നാവണമെന്ന ആഗ്രഹത്തോട് കൂടിയാണ് ഞങ്ങള്‍ വോട്ടുചോദിക്കുന്നത്.' ഷാഫി പറഞ്ഞു.
'ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നവരാണ് സിപിഎം. എന്നാല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ആള്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോ ജയിലിലടക്കപ്പെട്ടയാള്‍ 26ാമത്തൈ വയസില്‍ അവിടത്തെ ഏരിയ കമ്മിറ്റി സെക്രട്ടറിയാണ്. എന്നുവെച്ചാല്‍, സി.പി.എമ്മും സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്ത അഴിമതിയാണ് ശബരിമലയില്‍ നടന്നിട്ടുള്ളത് എന്നത് പറയാതിരിക്കാനാവില്ല.' ഷാഫി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അയ്യപ്പന്റെ പൊന്ന് കക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് വോട്ടര്‍മാര്‍ കരുതിയിട്ടുണ്ടാകില്ല. പത്മകുമാറിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് സി.പി.എം ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. ചില കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.എം ആര്‍.എസ്.എസിനോട് അടുക്കുകയാണെന്നും ഇവരെ ചോദ്യം ചെയ്യുകയാണെങ്കില്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നഗരത്തില്‍ ഒരു വികസനവുമില്ലെന്നും അറബിക്കടലിലേക്ക് നോക്കി കോഴിക്കോട് ദുഃഖിച്ചിരിക്കുകയാണെന്നും സംവിധായകന്‍ വി.എം വിനു പറഞ്ഞു. ആരുടെയും മുഖത്ത് നോക്കി അന്ധമായി വോട്ട് ചെയ്യുന്ന രീതി ഉണ്ടാകരുത്. കോഴിക്കോട് കോര്‍പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാർഥിയായിരുന്നു വി.എം വിനു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വിനുവിന് മത്സരിക്കാന്‍ സാധിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് ബൈജു കാളക്കണ്ടി. വ്യാഴാഴ്ച ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗമാണ് ബൈജുവിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. താരപരിവേഷമുള്ള സ്ഥാനാർഥിയാകും വിനുവിനു പകരം വരികയെന്ന മുൻ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കോൺഗ്രസിന്റെ എല്ലാ സ്ഥാനാർഥികളും താരപരിവേഷം ഉള്ളവരാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു.
വിനുവിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

