Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമപരമെങ്കിൽ അറസ്റ്റ്...

നിയമപരമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽ വെക്കാം -ഹൈകോടതി

text_fields
bookmark_border
Kerala High Court building in Kochi
cancel
camera_alt

കേരള ഹൈകോടതി

കൊച്ചി: നിയമം അനുവദിക്കുന്നുണ്ടെങ്കിൽ കേസന്വേഷണത്തിന്‍റെ ഭാഗമായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താതെ ഒരാളെ കസ്റ്റഡിയിൽ വെക്കാമെന്ന് ഹൈകോടതി. പി.എം.എൽ.എ, കസ്റ്റംസ് ആക്ട്, എൻ.ഡി.പി.എസ് തുടങ്ങിയവ നിയമപരമായിതന്നെ ഇത്തരത്തിൽ തടങ്കലിൽ ചോദ്യം ചെയ്യാൻ അനുമതി നൽകുന്നുണ്ട്.

ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം കാര്യക്ഷമമായ അന്വേഷണവും അനിവാര്യമാണെന്നതിനാലാണ് ഈ നിയമങ്ങൾ ഇത്തരം കസ്റ്റഡികൾ അനുവദിക്കുന്നത്. ബി.എൻ.എസിലെ 179(1) വകുപ്പ് പ്രകാരം മുൻകൂർ നോട്ടീസ് നൽകി വിളിപ്പിക്കുന്നത് നിയമവിരുദ്ധ കസ്റ്റഡിയുടെ പരിധിയിൽ വരില്ല. നിയമ വിരുദ്ധമായ കസ്റ്റഡിയാണോയെന്നത് ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.

അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാത്തതിനാൽ ജാമ്യം തേടി മയക്കുമരുന്ന് കേസുകളിലെയടക്കം പ്രതികൾ സമർപ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. പ്രതിയെ തടങ്കലിൽ വെക്കാൻ കൃത്യമായ നടപടിക്രമങ്ങൾ അന്വേഷണ സംഘം പാലിക്കണമെന്ന് കോടതി പറഞ്ഞു. മുൻകൂർ നോട്ടീസ് നൽകൽ, തടങ്കലിലാക്കിയ സമയവും അറസ്റ്റ് ചെയ്ത സമയവും രേഖപ്പെടുത്തൽ, ഔദ്യോഗിക അറസ്റ്റിന് ശേഷം 24 മണിക്കൂറിനകം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കൽ, അറസ്റ്റിന്‍റെ കാരണങ്ങൾ കൃത്യമായി അറിയിക്കൽ തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി പരിശോധിച്ച് മജിസ്ട്രേറ്റുമാരാണ് ശരിയായ തീരുമാനമെടുക്കേണ്ടത്.

തടങ്കലിലാക്കിയ സമയം കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന കാരണത്താൽ തൃശൂർ സ്വദേശി ടി.വി. അനീഷിന് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, കൊലപാതക കേസിലെ പ്രതി മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ, മയക്കുമരുന്ന് കേസ് പ്രതികളായ മൂവാറ്റുപുഴ സ്വദേശി അരുൺ. കെ. തോമസ്, കണ്ണൂർ സ്വദേശി വി.എ. സർഫാസ്, മലപ്പുറം സ്വദേശി റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പി.കെ. മുഹമ്മദ് ആഷിൽ എന്നിവരുടെ ജാമ്യഹരജികൾ തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Criminal Procedurehigh court
News Summary - If legal, can be detained without registering arrest - High Court
Next Story