വെളിച്ചത്തിനാണെങ്കിൽ നിലവിളക്ക് കൊളുത്താം, ആചാരമാണെങ്കിൽ ഉപേക്ഷിക്കണം -സമസ്ത
text_fieldsകോഴിക്കോട്: വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിൽ നിലവിളക്ക് കൊളുത്താമെന്നും അതല്ല, അതൊരു ആചാരമെന്ന നിലയിലാണെങ്കിൽ ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ. ഇസ്‍ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതസ്ഥർ അവരുടെ ആചാരമായി നിർവഹിച്ചുവരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്‍ലിംകൾ വർജിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ യോഗം ആഹ്വാനംചെയ്തു.
സ്വകാര്യചടങ്ങിൽ ഫാത്തിമ തഹ്‍ലിയ എം.എല്‍.എ നിലവിളക്ക് കൊളുത്തിയത് വിവാദമായതിനെ തുടർന്നാണ് വിഷയം മുശാവറയിൽ ചർച്ചയായത്. ഇസ്‍ലാംവിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും യോഗം വ്യക്തമാക്കി.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ‘നേതൃനിരയിലുള്ളവർ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നു, തിരുത്തേണ്ടവർ നിശ്ശബ്ദരായി തെറ്റുകളെ ശരിവെക്കുന്നു’ -എന്നിങ്ങനെയുള്ള പ്രസ്താവനകളുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ പോലെയുള്ളവർ രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയക്കെതിരെ ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉൾപ്പെടെയുള്ളവരും വിമർശനമുന്നയിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും രാഷ്ട്രീയസ്വീകാര്യതക്കുമായി മറ്റു സമുദായങ്ങളുടെ പരിപാടികളിൽ സാന്നിധ്യം അറിയിക്കാൻ മുസ്‍ലിം രാഷ്ട്രീയനേതാക്കൾ വലിയ സമ്മർദം നേരിടുകയാണെന്ന് ടി.കെ. അഷറഫ് ചൂണ്ടിക്കാട്ടി.
മതവേദികളിലും സമൂഹമാധ്യമങ്ങളിലും വിഷയം വലിയ ചർച്ചയായിരുന്നു. അതേസമയം, വിവാദം അനാവശ്യമാണെന്ന് വ്യക്തമാക്കിയ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി, തഹ്‍ലിയയെ പിന്തുണക്കുകയും ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഒരു പൊതുചടങ്ങിൽവെച്ച് നടൻ മമ്മൂട്ടി തീനാളം കൈമാറിയിട്ടും വിളക്ക് കൊളുത്താൻ വിസമ്മതിച്ച പഴയ സംഭവം ഓർമിപ്പിച്ച കാരശ്ശേരി, ഇത്തരം പ്രതീകാത്മകമായ കാര്യങ്ങളെ വീണ്ടും രാഷ്ട്രീയ-മത തർക്കങ്ങളാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

