'എന്‍റെ സഹോദരൻ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം, ഞാനോ കുടുംബമോ സംരക്ഷിക്കില്ല'- പി.കെ ഫിറോസ്
text_fieldsകോഴിക്കോട്: തന്റെ സഹോദരൻ പി.കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തെറ്റുകാരനെങ്കില്‍ സഹോദരന്‍ ശിക്ഷിക്കപ്പെടണമെന്ന് പി.കെ. ഫിറോസ് പറഞ്ഞു.
ജുബൈറിന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. തന്റെ നിലപാടുകളുമായി പല വിധത്തിലും വിയോജിപ്പുള്ള ആളാണ് അദ്ദേഹം. അത് സോഷ്യൽ മീഡിയ എക്കൗണ്ട് പരിശോധിച്ചാൽ മനസ്സിലാകും. ജുബൈറിനെതിരെ പൊലീസ് നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണക്കും. സമൂഹത്തിന് വിപത്തായ ഏതെങ്കിലും ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
സഹോദരനുവേണ്ടി താനോ കുടുംബമോ ഇടപെടില്ല. അറസ്റ്റ് മൂലം താന്‍ രാജി വെക്കേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു. സഹോദരന്റെ അറസ്റ്റ് തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം ശ്രമിക്കുന്നു. ഇത്തരം പ്രചാരണങ്ങൾകൊണ്ട് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ നിലപാടിൽ നിന്ന് പിൻമാറില്ല. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് ജുബൈറിനെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ റിയാസിനെ പൊലീസ് ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ജുബൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരുക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

