തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കായംകുളത്തെ യുവനേതാവിനെതിരെ കർശന നടപടി -സി.പി.എം
text_fieldsആലപ്പുഴ: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കായംകുളത്തെ യുവനേതാവിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. ഭാര്യയെ മർദിച്ച കേസിലടക്കം ആരോപണവിധേയനായ കായംകുളം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ നേതാവുമായ യുവാവിന്റെ ഭാര്യയുടെ പിതാവിന്റെ പരാതി പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. അതിൽ ഗാർഹികപീഡനമെന്ന് പറയുന്നില്ല. ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ചില്ലെങ്കിൽ നിയമപരമായി പോകാനും പാർട്ടി തടസ്സമില്ല. തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടിയുണ്ടാകും.
ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് പരാതിയും രാജിക്കത്തും കിട്ടിയിട്ടുണ്ട്. ആരോപണവിധേയന്റെ സഹോദരൻ എസ്.ഡി.പി.ഐ പ്രവർത്തകനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. രാജിക്കത്ത് നൽകിയവരടക്കമുള്ളവരുമായി വിശദമായ ചർച്ച നടത്തിയശേഷം ഉചിതമായ തീരുമാനമെടുക്കും.
ചേർത്തല പള്ളിപ്പുറത്ത് വസ്തുതർക്കം പരിഹരിക്കാൻ ഡി.വൈ.എഫ്.ഐ നേതാവ് പണം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് പള്ളിവികാരിയുടെ പരാതി ജില്ല സെക്രട്ടറിക്ക് കിട്ടിയിട്ടില്ല. വെയ്റ്റിങ് ഷെഡുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ മാത്രമാണ് ഇടപെട്ടത്. കുട്ടനാട് കൂട്ടരാജി, ലഹരിക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ കമീഷൻ റിപ്പോർട്ടുകൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

