പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത ശിക്ഷ ഉറപ്പാക്കും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കോതമംഗലത്ത് ബി.ഡി.എസ് വിദ്യാർഥിനി മാനസയെ വെടിവെച്ച് കൊന്ന സംഭവം ഞെട്ടിച്ചു. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിൽ സ്റ്റേഷൻ അതിർത്തി പരിഗണിക്കാതെതന്നെ കേസെടുത്ത് തുടരനന്വേഷണത്തിന് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്ന് നിർദേശിച്ചുണ്ട്. പരാതിക്കാരുടെ താമസയിടങ്ങളിൽ ചെന്ന് പരാതി സ്വീകരിക്കും.
സ്ത്രീധന പ്രശ്നങ്ങളിൽ പ്രത്യേക ഘട്ടങ്ങളിലാണ് പരാതി ഉയരുന്നത്. ബാക്കിയെല്ലാം ഇരുകൂട്ടരും തമ്മിലുള്ള ധാരണയിലാണ് സംഭവിക്കുന്നത്. സ്ത്രീധന വിവാഹങ്ങളിൽ ജനപ്രതിനിധികൾ പെങ്കടുക്കരുതെന്ന ഗവർണറുടെ നിർദേശം പാലിച്ച് സമൂഹം ഒറ്റപ്പെടുത്തേണ്ടതാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ പലതും പിന്നീട് ശാരീരിക പീഡനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുന്നു. ഇത്തരം പരാതികളിൽ ഇവയുടെ സാധ്യതാപരിശോധന കൂടി ഉറപ്പാക്കും.
സൈബർ സാധ്യത ഉപയോഗിച്ച് പെൺകുട്ടികളെ അപകടപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആൺകുട്ടികളും പെൺകുട്ടികളും ചതിക്കുഴികളിൽ വീഴുകയാണ്. രക്ഷാകർത്താക്കൾ പ്രത്യേക ജാഗ്രത പാലിക്കണം. കുട്ടി നല്ലതേ ചെയ്യൂവെന്ന ധാരണ പാടില്ല. അടച്ചിട്ട മുറിയിൽ ഇൻറർനെറ്റ് ഒരു കുട്ടിയും ഉപയോഗിക്കാൻ പാടില്ല. എല്ലായ്പ്പോഴും കാണാൻ സാധിക്കുന്ന മുറി ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

