'അടുത്തു വന്നാൽ ബ്ലൗസ് കീറിക്കോണം, ബാക്കി വകുപ്പ് ഞങ്ങൾക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ വിവാദ പ്രസംഗം
text_fieldsഇടുക്കി: രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്ത്രീപീഡന നിയമങ്ങളെ ആയുധമാക്കാൻ വനിത നേതാവിനോട് പരസ്യമായി ആഹ്വാനം ചെയ്ത് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ആദിവാസി വിഭാഗത്തിൽപ്പെട്ട വനിത നേതാവ് രാജേശ്വരിയെ മുൻനിർത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ വിവാദമാണ് ഇടുക്കിയിൽ ഉയർത്തിയിരിക്കുന്നത്.
യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു ഈ വിവാദ പ്രസംഗം. മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി എൽ.ഡി.എഫ് ഫ്ലക്സ് ബോർഡുകൾ ചവിട്ടിക്കൂട്ടിയെന്നും അന്ന് താൻ നൽകിയ നിർദേശം ഇതായിരുന്നുവെന്നും മാത്യു പ്രസംഗത്തിൽ പറയുന്നു. "അവർ അടുത്തു വന്നാൽ അപ്പോൾ തന്നെ ബ്ലൗസ് വലിച്ചു കീറിക്കോണം, ബാക്കി വകുപ്പ് നമുക്കറിയാം" എന്നായിരുന്നു പ്രസംഗത്തിലെ വിവാദ പരാമർശം.
സ്ത്രീത്വത്തെയും ആദിവാസി വിഭാഗത്തെയും ഒരുപോലെ അധിക്ഷേപിക്കുന്ന പ്രസംഗം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്ന മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളാരും ഇത് തടയാൻ ശ്രമിച്ചില്ല. സ്ഥാനാർഥി റോയി കെ. പൗലോസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഈ അധിക്ഷേപ പരാമർശങ്ങൾ.
പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സി.പി. മാത്യുവിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധതക്കും ആദിവാസി വിഭാഗത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതുമാണ് സി.പി. മാത്യുവിന്റെ ഈ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

