ജനനേന്ദ്രിയം മുറിച്ച കേസ്: ബി. സന്ധ്യയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും -സ്വാമി ഗംഗേശാനന്ദ
text_fieldsതിരുവനന്തപുരം: ഫയർഫോഴ്സ് മേധാവിയും ഡി.ജി.പിയുമായ ഡോ. ബി. സന്ധ്യയെ ചോദ്യം ചെയ്താൽ ജനനേന്ദ്രിയം മുറിച്ച കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് സ്വാമി ഗംഗേശാനന്ദ. തന്റെ ജനനേന്ദ്രിയം മുറിച്ചശേഷം ആരോപണവിധേയയായ പെൺകുട്ടി പോയത് സന്ധ്യയുടെ വീട്ടിലേക്കാണെന്നും സ്വാമി ആരോപിച്ചു. സന്ധ്യയുടെ അറിവോടെയാണ് എല്ലാം നടന്നത്. സന്ധ്യ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുവരാത്തത് ഇത്തരം കാര്യങ്ങൾ കാരണമാണ്. അതിനനുസരിച്ച രേഖകൾ മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാണുമെന്നും ഗംഗേശാനന്ദ ചില ദൃശ്യ, ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അന്നത്തെ തന്റെ ശാരീരികാവസ്ഥ വെച്ച് മൂന്നുപേർ ചേർന്നാലും ജനനേന്ദ്രിയം മുറിക്കാൻ കഴിയില്ല. മുറിയിൽ തനിക്കുനേരെ ബലപ്രയോഗം നടന്നിട്ടില്ല. ഒരുപാട് രക്തം പോയിട്ടും തന്റെ ആരോഗ്യം കൊണ്ടാണ് മരിക്കാതിരുന്നത്. പെട്ടെന്ന് പൊലീസും വന്നു. അവർക്ക് എന്തോ വിവരമുണ്ടായിരുന്നു. ആ പെൺകുട്ടി എ.ഡി.ജി.പി സന്ധ്യയുടെ വീട്ടിലേക്കാണ് ഓടിയതെന്ന് പിന്നീട് അറിഞ്ഞു. പരാതിക്കാരിയായ കുട്ടിയെ എൽഎൽ.ബി പഠിപ്പിച്ചതും ലോക്കൽ ഗാർഡിയനായി കാര്യങ്ങൾ നോക്കിയതും താനാണ്. കുട്ടിയുടെ കുടുംബം വയനാട്ടിൽ സ്ഥലം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ടാണ് അവരുടെ വീട്ടില്പോയത്. അഞ്ചു വർഷമായിട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. എന്തുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് അറിയില്ല. എന്നാൽ, അയ്യപ്പദാസ് അല്ല യഥാർഥ പ്രതിയെന്നും അയാളുടെ പേര് പറയുന്നില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.

