ആരെയെങ്കിലും നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ തെളിവ് കൊണ്ടുവരൂ -ഫാ. മാത്യു കോയിക്കൽ
text_fieldsന്യൂഡൽഹി: തങ്ങൾ ആരെയെങ്കിലും ഏതെങ്കിലും വിധത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയിട്ടുണ്ടെങ്കിൽ അതിന് കൃത്യമായ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ച് സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും തെളിവ് നൽകാൻ സർക്കാരിനായില്ല രാജ്യത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന പ്രചാരണം മാത്രമാണെന്ന് സഭ ചൂണ്ടിക്കാട്ടുന്നു. 2021ൽ ബഹുമാനപ്പെട്ട സുപ്രീം കോടതി, രാജ്യത്ത് എവിടെയെങ്കിലും നിർബന്ധിത മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ലിസ്റ്റ് സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇന്നുവരെ അത്തരമൊരു ലിസ്റ്റ് കോടതിയിൽ സമർപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഫാ. മാത്യു കോയിക്കൽ വെളിപ്പെടുത്തി.തെളിവുകളൊന്നുമില്ലാതെ രാജ്യത്ത് വൈദികരെയും കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യുകയാണ്.മാസങ്ങളോളം ജയിലിൽ കിടന്ന ശേഷമാണ് ജയ്‌പൂരിൽ നിന്ന് തങ്ങളുടെ 10 കത്തോലിക്കാ സഹോദരങ്ങൾക്ക് അടുത്തിടെ ജാമ്യം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയുടെ കാരുണ്യപ്രവർത്തനങ്ങൾ വഴി ആരെങ്കിലും മാനസികമായി നന്മയിലേക്ക് മാറിയിട്ടുണ്ടെങ്കിൽ അത് പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്
.നൂറ്റാണ്ടുകളായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സഭയുടെ സ്ഥാപനങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പഠിച്ചിറങ്ങിപ്പോകുന്നത്. അതുപോലെ ആശുപത്രികളിൽ ലക്ഷക്കണക്കിന് ആളുകൾ ചികിത്സ തേടുന്നു.ഇവിടെയൊന്നും ആരും മതപരിവർത്തനം നടത്തിയതായി ഒരിടത്തും തെളിഞ്ഞിട്ടില്ല
.സഭയുടെ പ്രവർത്തനങ്ങൾ അത്രമേൽ സുതാര്യമാണെന്നും ജനങ്ങൾ ഈ സ്ഥാപനങ്ങളിലേക്ക് വരുന്നത് മതപരിവർത്തനത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എഫ്.സി.ആർ.എ ബിൽ ന്യൂനപക്ഷ വിരുദ്ധമല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ എഫ്.സി.ആർ.എ പരിധിയിൽ വരുന്ന എൻ.ജി.ഓകളിൽ ചെറിയൊരു ശതമാനം (30 ശതമാനത്തിൽ താഴെ) മാത്രമാണ് ക്രിസ്ത്യൻ എൻ.ജി.ഒകൾ ഉള്ളത്
.അതിൽ ഭൂരിഭാഗവും മറ്റുള്ളവരുടേതാണ്. ലഭിക്കുന്ന ഈ ചെറിയ വിഹിതം പോലും രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് വേണ്ടിയാണ് സഭ വിനിയോഗിക്കുന്നത്.
എഫ്.സി.ആർ.എ ഭേദഗതി പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയോട് പൂർണമായി സഹകരിക്കുമെന്നും സഭയുടെ ആവശ്യങ്ങളും ആശങ്കകളും അവരുടെ മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനോടകം രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിട്ടുണ്ട്.
ഇത് സർക്കാരിന് മേലുള്ള സമ്മർദ്ദമായി കാണാൻ കഴിയില്ലെങ്കിലും സഭയുടെ ആവശ്യങ്ങൾ ഗൗരവത്തോടെ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറായി എന്നതിൽ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എഫ്.സി.ആർ.എ ബില്ലിനെതിരെ അമേരിക്കൻ ലോ മേക്കർ രംഗത്ത് വന്നതും ഇപ്പോഴത്തെ പുനപ്പരിശോധനയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഫാ. മാത്യു കോയിക്കൽ വ്യക്തമാക്കി. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്
. പുറം രാജ്യങ്ങളുടെ ഒരു സമ്മർദ്ദവും ഇവിടെ ആവശ്യമില്ല. രാജ്യത്തെ പൗരന്മാരെന്ന നിലയിൽ നമ്മുടെ ബുദ്ധിമുട്ടുകൾ നമ്മുടെ ഗവൺമെന്റിനെ അറിയിക്കുകയും അവരുമായി സഹകരിച്ച് മുന്നോട്ട് പോവുകയുമാണ് സഭ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

