ഇടുക്കി ഭൂഗര്‍ഭ നിലയം അടച്ചിടൽ: ജലവിതരണം മുടങ്ങില്ലെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: അടിയന്തര അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ണമായി അടച്ചിടുന്നത് കാരണം കുടിവെള്ള വിതരണവും ജലസേചനവും മുടങ്ങില്ലെന്ന് കെ.എസ്.ഇ.ബി. ജലവിതരണ പ്രതിസന്ധി നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജല അതോറിറ്റിയിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ മന്ത്രി നിര്‍ദേശം നല്‍കി.
മലങ്കര അണക്കെട്ടില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിട്ട് ആദ്യ ഒമ്പത് ദിവസം ജലവിതരണം ഉറപ്പാക്കാന്‍ കഴിയും. ഈ കാലയളവിൽ ജല അതോറിറ്റിയും ഇറിഗേഷൻ വകുപ്പും ചര്‍ച്ച ചെയ്ത് തീരുമാനിച്ച പ്രകാരം തൊടുപുഴ ടൗണ്‍ / മൂപ്പില്‍കടവ്, തെക്കുമല, ആരക്കുഴമൂഴി എന്നീ പമ്പിങ് സ്റ്റേഷനുകളില്‍ ആവശ്യമെങ്കില്‍ താൽക്കാലിക തടയണ നിർമിച്ച് വെള്ളം പമ്പ് ചെയ്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കും. ഉദ്യോഗസ്ഥ തല ചര്‍ച്ചകളില്‍ തീരുമാനിച്ച പ്രകാരം സാധ്യമായ സ്ഥലങ്ങളിൽ ഭൂതത്താൻകെട്ടിൽനിന്ന് കനാലുകൾ വഴി വെള്ളമെത്തിക്കും. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിനു കീഴിലുള്ള ചേലാട്, മുളവൂര്‍ ബ്രാഞ്ച് എന്നീ കനാലുകള്‍ തുറക്കാനും തീരുമാനിച്ചു. വാളകം, മഴുവന്നൂര്‍ എന്നീ കനാലുകളിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്ന മുറക്ക് അവയും തുറക്കും. ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി ഭൂഗര്‍ഭ നിലയത്തില്‍ 130 മെഗാവാട്ട് വീതമുള്ള ആറ് യൂനിറ്റുകളാണുള്ളത്. അതില്‍ അഞ്ച്, ആറ് യൂനിറ്റുകളുടെ അപ്സ്ട്രീം സീലുകള്‍ തകരാറിലായതിനാല്‍ വാല്‍വ് ബോഡിയില്‍ കൂടി ചോര്‍ച്ച സംഭവിക്കുന്നുണ്ട്. ചോര്‍ച്ച നിയന്ത്രണാതീതമായാല്‍ ഉയര്‍ന്ന മര്‍ദത്തിലുള്ള ജലം ഒഴുകി വൻ അപകടത്തിന് സാധ്യതയുള്ളതുകൊണ്ടാണ് ഭൂഗര്‍ഭ നിലയം പൂര്‍ണമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

