ഇടുക്കി എസ്.പി മന്ത്രി മണിയുടെ കിങ്കരൻ; യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ നിയമസഭയിൽ പറഞ്ഞു. കസ്റ്റഡി മരണത്തിൽ ദുരൂഹതയുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തിട്ടും കേസ് ഫയൽ ചെയ്യാൻ വൈകിയതെന്തുകൊണ്ടാണെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി വി.ഡി സതീശൻ ചോദിച്ചു.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അയാളുടെ കയ്യിലുള്ള പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും വി.ഡി സതീശന് പറഞ്ഞു.
ഇടുക്കി എസ്.പി കെ.ബി വേണുഗോപാൽ മന്ത്രി എം.എം മണിയുടെ കിങ്കരനാണ്. കുപ്രസിദ്ധമായ ‘വൺ, ടു, ത്രീ’ ക്ക്ശേഷം ഫോറും ആയി. കുറ്റക്കാരനായ എസ്.പിക്കെതിരെ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ പൊലീസ് പിടിയിലാകുന്നതിന് മുമ്പ് നാട്ടുകാർ രാജ്കുമാറിനെ മർദിച്ചെന്ന ന്യായവുമായി മന്ത്രി എം.എം മണി രംഗത്തെത്തി. കോൺഗ്രസ് ഉൾപ്പെട്ട സംഘമാണ് ചിട്ടി തട്ടിപ്പ് നടത്തിയതെന്നും രാജ്കുമാർ ആരുടെ പിടിയിലായിരുന്നുവെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
