‘ആളുകളുടെ സുരക്ഷയാണ് പ്രധാനം, മുഴുവൻ പേരെയും മാറ്റിതാമസിപ്പിക്കും’; ദേശീയപാത നിർമാണത്തിലെ അപാകത പരിശോധിക്കണമെന്ന് ഡീൻ കുര്യാക്കോസ്
text_fieldsഅടിമാലി (ഇടുക്കി): അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിൽ പ്രതികരണവുമായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്ത് നിന്ന് മുഴുവൻ ആളുകളെയും മാറ്റേണ്ടി വരുമെന്ന് ഡീൻ മാധ്യമങ്ങളെ അറിയിച്ചു. ആളുകളുടെ സുരക്ഷ പ്രധാനമാണ്. അതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും ഡീൻ വ്യക്തമാക്കി.
പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിൽ താൽകാലികമായി താമസിപ്പിക്കാനാണ് മന്ത്രിയും ജില്ല കലക്ടറും പങ്കെടുത്ത ചർച്ചയിൽ തീരുമാനമായത്. 2018ലെ പ്രളയത്തിൽ വെള്ളത്തുവൽ അടക്കമുള്ള സ്ഥലങ്ങളിലെ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകളിൽ ആളുകളെ താമസിപ്പിച്ചിരുന്നു. ക്വാർട്ടേഴ്സുകൾ താമസയോഗ്യമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.
കൂമ്പൻപാറ മണ്ണിടിച്ചിലിനെ ദുരന്തമായി പരിഗണിച്ച് ധനസഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പുനരധിവാസത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വാടകക്ക് താമസിച്ച ഒരു കുടുംബം ഉൾപ്പെടെയുള്ളവരെ പുനരധിവസിപ്പിക്കുന്ന തീരുമാനമാണ് ഉണ്ടാവേണ്ടത്. അതിനൊരു പാക്കേജ് ഉണ്ടാവുമെന്നാണ് മനസിലാക്കുന്നത്. ദേശീയപാത നിർമാണത്തിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണമെന്ന ആരോപണം പരിശോധിക്കണമെന്നും ഡീൻ കുര്യക്കോസ് വ്യക്തമാക്കി.
കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിലെ ആറു വീടുകൾക്ക് മുകളിലാണ് ശനിയാഴ്ച രാത്രി മണ്ണിടിഞ്ഞ് വീണത്. ആറ് വീടുകൾ പൂർണമായും പൂർണമായി മണ്ണ് മൂടപ്പെട്ട അവസ്ഥയിലാണ്. നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഇതിൽ ഒരു വീട്ടിൽ താമസിച്ചിരുന്നത് വാടകക്കാരാണ്.
കൂമ്പൻപാറ പ്രദേശത്ത് മൊത്തം 54 വീടുകളാണുള്ളത്. ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് 22ഓളം കുടുംബങ്ങളിലെ 54 പേരെ മാറ്റിപാർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

