ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്നുവിട്ടെങ്കിലും ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് റിപ്പോർട്ട്. രാവിലെ അഞ്ച് മണിക്ക് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2398.12 അടിയാണ് ജലനിരപ്പ്. ഇന്നലെ രാവിലെ എട്ടിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2398.04 അടിയായിരുന്നു.
അതേസമയം, വൃഷ്ടിപ്രദേശത്ത് മഴ പെയ്തിട്ടില്ല. ഈ നില തുടരുകയാണെങ്കിൽ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി തീരുമാനമെടുക്കുമെന്നാണ് വിവരം.
നിലവിൽ 35 സെന്‍റീമീറ്ററാണ് മൂന്നു ഷട്ടറുകളും ഉയർത്തിയിട്ടുള്ളത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ചെറുതോണി പുഴയിലൂടെ അറബിക്കടലിലേക്ക് ഒഴുക്കിവിടുന്നത്.
2403 അടിയാണ് അണക്കെട്ടിന്‍റെ പൂർണ സംഭരണശേഷി. ജലനിരപ്പ് 2397.86 അടി കടന്നതോടെയാണ് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തുടർന്ന് ചൊവ്വാഴ്ച ചെറുതോണി അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകൾ തുറക്കുകയായിരുന്നു.