ഒഴുകി ഇറങ്ങിയത് ചരിത്രത്തിലേക്ക്; ഇടുക്കി അണക്കെട്ടിെൻറ ഷട്ടർ താഴ്ത്തി, തുറന്നത് 30 ദിവസം
text_fieldsചെറുതോണി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ആഗസ്റ്റ് ഒമ്പതിന് തുറന്ന ഇടുക്കി അണക്കെട്ട് 30 ദിവസത്തിനുശേഷം വെള്ളിയാഴ്ച ഉച്ചക്ക് അടച്ചു. ഇടുക്കി അണക്കെട്ട് ഇത്രയധികം ദിവസം തുറന്നുെവച്ചതും ചരിത്രത്തിൽ ആദ്യം. തുറന്നപ്പോൾ 2400.10 അടിയുണ്ടായിരുന്ന ജലനിരപ്പ് അടക്കുമ്പോൾ 2391.18 ആണ്.
വൃഷ്ടിപ്രദേശത്തടക്കം മഴ കനത്തതോടെ 2399.04 അടിയിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്ന് തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ജലനിരപ്പ് 2390 അടിയായപ്പോൾ ജൂലൈ 25ന് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. 2395ലെത്തിയപ്പോൾ 31ന് വൈകീട്ട് അഞ്ചിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പിന്നീട് ഡാം തുറക്കുന്ന അന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 26 വർഷത്തിനുശേഷം, ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12.30ന് ചെറുതോണി ഡാമിെൻറ മധ്യഭാഗത്തെ ഷട്ടർ മാത്രം 50 സെ.മീ. ഉയർത്തി ജലം പുറത്തേക്ക് വിട്ടു. സെക്കൻഡിൽ 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ആദ്യം നാലുമണിക്കൂർ തുറന്നുവെക്കാനായിരുന്നു തീരുമാനം.
വീണ്ടും ജലനിരപ്പ് ഉയർന്നതോടെ രാത്രി മുഴുവൻ തുറന്നുവെച്ചു. ആദ്യം സെക്കൻഡിൽ ആറുലക്ഷം ലിറ്റർ വെള്ളമായിരുന്നു തുറന്നുവിട്ടത്. 10ന് രാവിലെ ഏഴിന് രണ്ട് ഷട്ടർകൂടി തുറന്നു. വീണ്ടും ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ അഞ്ച് ഷട്ടറും 40 സെ.മീ. അളവിൽ ഉയർത്തി. രാവിലെ 11.30 ആയപ്പോൾ ഇത് ഒരുമീറ്റർ വീതമായി ഉയർത്തി. ഉച്ചക്ക് 1.30 ആയപ്പോൾ സെക്കൻഡിൽ 600 ക്യുമെക്സ് ജലം പുറത്തേക്ക് വിടാൻ തുടങ്ങി. ഇതോടെ ചെറുതോണി പാലവും ചെറുതോണി ടൗണിെൻറ ഒരുഭാഗവും വെള്ളത്തിലായി. 11ന് ചേർന്ന വൈദ്യുതി ബോർഡിെൻറ അടിയന്തരയോഗം റെഡ് അലർട്ട് തുടരാനും ഇടുക്കി ഡാം അടക്കുന്നത് നീട്ടിവെക്കാനും തീരുമാനിച്ചു.
ആഗസ്റ്റ് 13ന് ഡാമിെൻറ ഒന്നും അഞ്ചും ഷട്ടറുകളും അടച്ചെങ്കിലും വീണ്ടും തുറന്നു. 14 നും 15 നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ ഡാം അടക്കുന്നത് നീട്ടി. 12 മുതൽ മധ്യഭാഗത്തെ മൂന്ന് ഷട്ടർ 1.80 മീറ്റർ വീതവും രണ്ടു ഷട്ടർ ഒരുമീറ്റർ വീതവും ഉയർത്തി തുറന്നുവിടാൻ തുടങ്ങി. ഇതോടെ ചെറുതോണി ടൗണിനെ ആശ്രയിച്ചുകഴിഞ്ഞിരുന്ന അഞ്ഞൂറിലധികം കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്തിലായി. ടൗണിലെ 20ൽ അധികം കടകൾ ഒലിച്ചുപോയി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആറുപേരുടെ ജീവൻ പൊലിഞ്ഞ ഗാന്ധിനഗർ കോളനി ഒറ്റപ്പെട്ടു. നിരവധി വീടുകൾ ഒലിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
