റോഡിലെ കുഴികളടച്ച് കൊച്ചു കൂട്ടുകാർ; കൈയടിച്ച് സോഷ്യൽമീഡിയ
text_fieldsചെറുതോണി: അധികൃതർ മറന്ന റോഡ് നന്നാക്കാൻ സൈക്കിളിൽ കൊട്ടയും തൂമ്പയുമായി ഇറങ്ങിയ കൊച്ചു കൂട്ടുകാർക്ക് അഭിനന്ദനപ്രവാഹം. മൂന്ന് കിലോമീറ്റർ ദൂരം റോഡിലെ ചെറുതും വലുതുമായ കുഴികൾ മണ്ണുകൊണ്ട് അടച്ച ഇവരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വൈറലായേതാടെ ഇടുക്കിയുടെ താരങ്ങളായി മാറിയിരിക്കുകയാണ് മൂവർസംഘം.
ഇടുക്കി കൊച്ചുകരിമ്പൻ ആേൻറാപുരം സ്വദേശികളായ വരിക്കാനിതൊട്ടിയിൽ ജോഷിയുടെ മകൻ കെവിനും (14), ഓലിക്കതൊട്ടിയിൽ ജിജോയുടെ മകൻ ജോർജിയും (13), തലച്ചിറയിൽ സിനോജിെൻറ മകൻ ഡിയോണും (11) ചേർന്നാണ് തങ്ങളുടെ വീടിനുമുന്നിലൂടെ കടന്നുപോകുന്ന റോഡിലെ കുഴികൾ മണ്ണിട്ടുനികത്താൻ ഞായറാഴ്ച ഒരുമിച്ചത്.
ഇടുക്കി കൊച്ചുകരിമ്പനിൽനിന്ന് ആേൻറാപുരം വഴി ഗൗരിസിറ്റിയിലേക്ക് പോകുന്ന റോഡ് കഴിഞ്ഞ പ്രളയകാലത്താണ് തകർന്നത്. വർഷം ഒന്നുകഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപ്പണിക്ക് അധികൃതർ രംഗത്തുവരാത്ത സാഹചര്യത്തിലാണ് കാൽനടപോലും ദുഷ്കരമായ റോഡിലൂടെ എന്നും സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന മൂവർസംഘം റോഡിലെ കുഴിയടക്കാം എന്ന തീരുമാനത്തിലേക്കെത്തുന്നത്. മുതിർന്നവരുടെ സഹായമൊന്നും കൂടാതെയായിരുന്നു ഇവരുടെ പ്രവൃത്തി. സൈക്കിളും മണ്ണും തൂമ്പയും കൊട്ടയും മാത്രമായിരുന്നു ഇവരുടെ പണിയായുധങ്ങൾ. ഒരുദിവസത്തെ പ്രയത്നത്തിലൂടെ റോഡിലെ കുഴികൾ ഇവർ മണ്ണിട്ടുനികത്തുകയും ചെയ്തു. ഈസമയം അതുവഴിവന്ന ഒരു യാത്രക്കാരിലൊരാളാണ് കുട്ടികളുടെ വിഡിയോ എടുത്ത് ഫേസ്ബുക്കിലിട്ടത്. തുടർന്ന് സംഭവം വൈറലാകുകയായിരുന്നു.
ഇതോടെ നിരവധി അഭിനന്ദനവും അനുമോദനങ്ങളുമാണ് ഈ കൂട്ടുകാരെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. കെവിൻ വിമലഗിരി വിമലമാതാ സ്കൂളിൽ എട്ടിലും ജോർജി ഉപ്പുതോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ ഏഴിലും ഡിയോൺ കരിമ്പൻ മണിപ്പാറ സെൻറ് മേരീസ് സ്കൂളിൽ ഏഴിലും പഠിക്കുന്നു.
മൂവരും അയൽവാസികളാണ്. ബുധനാഴ്ച വൈകീട്ട് ആേൻറാപുരം പള്ളിവികാരിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വീകരണവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
