ഐ.ഡി.എസ്.എഫ്.എഫ്.കെ 2026: 18-ാം പതിപ്പിന് തിരിതെളിയുന്നു; തലസ്ഥാന നഗരിയിൽ വീണ്ടും ചലച്ചിത്രവിരുന്ന്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ തനതായ ഇടം നേടിയ 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഒക്ടോബർ രണ്ട് മുതൽ തലസ്ഥാനത്ത് ആരംഭിക്കുന്നു. ഒക്ടോബർ ഏഴ് വരെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഏക അന്താരാഷ്ട്ര മേള എന്ന നിലയിൽഐ.ഡി.എസ്.എഫ്.എഫ്.കെ-യുടെ പാരമ്പര്യം ഈ വർഷവും തുടരുകയാണ്.
മേളയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരമായ 'ഓസ്‌കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ' പദവി ഇത്തവണയും മേളയെ ലോകശ്രദ്ധയിൽ നിർത്തിയിരിക്കുകയാണ്. ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററികൾക്ക് അക്കാദമി അവാർഡ് (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അർഹത ലഭിക്കുമെന്നത് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെ ഇവിടേക്ക് ആകർഷിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും നവതലമുറയുടെ പരീക്ഷണങ്ങൾക്കും വലിയൊരു വേദിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ഈ വർഷത്തെ മേളയിലേക്ക് ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 1,741 എൻട്രികളാണ് ലഭിച്ചത്. ഇതിൽ നിന്ന് മികച്ച ചിത്രങ്ങളെ കണ്ടെത്താനുള്ള സെലക്ഷൻ നടപടികൾ പുരോഗമിക്കുകയാണ്. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പ്രത്യേക സെലക്ഷൻ കമ്മിറ്റികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തികച്ചും സുതാര്യവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും മികച്ച ചിത്രങ്ങൾ മേളയിലേക്ക് എത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

