Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടമലയാർ ഡാമും തുറന്നു;...

ഇടമലയാർ ഡാമും തുറന്നു; ഉയർത്തിയത് രണ്ടു ഷട്ടറുകൾ

text_fields
bookmark_border
ഇടമലയാർ ഡാമും തുറന്നു; ഉയർത്തിയത് രണ്ടു ഷട്ടറുകൾ
cancel

കൊച്ചി: ഇടമലയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട്​ നിലയായ 162.5 മീറ്റർ കടന്നതോടെ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നതിനു പുറമെയാണിത്​. ഇതേ തുടർന്ന്​ പെരിയാർ അടക്കം നദികളിൽ ജലനിരപ്പ്​ ഉയർന്നു. എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച കാര്യമായി മഴ പെയ്യാതിരുന്നതിനാൽ വൈകീട്ടുവരെ അപകടകരമായ നിലയിൽ വെള്ളം ഉയർന്നില്ല.

ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളിൽ രണ്ടെണ്ണമാണ് ആദ്യം ഉയർത്തിയത്. ആദ്യം 50 സെന്റീമീറ്റർ വീതം തുറന്ന്​ സെക്കൻഡിൽ 67 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി. ഉച്ചയോടെ 100 ക്യുമെക്‌സ് ആയി ഉയർത്തി. വൈകീട്ടോടെ ഇടമലയാർ ഡാമിന്റെ നാലു ഷട്ടറും തുറന്നു. ഡാമിൽനിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്സ് വരെയാക്കി വർധിപ്പിക്കാൻ ജില്ല കലക്ടർ അനുമതി നൽകുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും കലക്ടർ ഡോ. രേണു രാജ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10ന് ആന്റണി ജോൺ എം.എൽ.എയുടെയും ജില്ല കലക്ടറുടെയും സാന്നിധ്യത്തിലായിരുന്നു ഡാം തുറന്നത്. എക്സിക്യൂട്ടിവ് എന്‍ജിനീയർ പി.എൻ. ബിജു, തഹസിൽദാർ ഇൻചാർജ്​ ജെസി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ യു.ജെ. ആനി, സബ് എൻജിനീയർ വി.കെ. വിനോദ്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.

വേലിയേറ്റ-വേലിയിറക്ക അളവുകളിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതിരുന്നതിനാൽ പകൽ കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സം നേരിട്ടിരുന്നു. കൂടാതെ കേരളതീരത്ത്​ ഉയർന്ന തിരമാല ജാഗ്രത നിർദേശങ്ങളും നൽകി. അർധരാത്രിയിലെ വേലിയിറക്ക സമയങ്ങളിൽ കടലിലേക്ക് കൂടുതൽ നീരൊഴുക്ക് ഉണ്ടായതായാണ്​ വിലയിരുത്തൽ. ഡാമുകൾ തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ അതത്​ ജില്ല ദുരന്തനിവാരണ അതോറിറ്റികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഇടമലയാറിൽ വെള്ളം ഒഴുക്കിവിടാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയിരിക്കുന്നത്.

ഇടമലയാർ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കിൽ പകൽ സാരമായ മാറ്റം ദൃശ്യമായില്ല. എന്നാൽ, ഡാമിൽനിന്നു കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ വൈകീട്ട്​ ജലനിരപ്പ്​ ഉയർന്നു. ഏലൂർ അടക്കം ചിലസ്ഥലങ്ങളിൽ ജനവാസമേഖലയിൽ വെള്ളം കയറുകയും ചെയ്തു. പെരിയാറിന്‍റെ തീരത്ത്​ താമസിക്കുന്ന നിരവധിപേർ വീടുകളിൽനിന്ന്​ മാറിത്താമസിച്ചു തുടങ്ങി. ചെറുതോണി അണക്കെട്ടിൽനിന്നുള്ള കൂടുതൽ വെള്ളവും വൈകീട്ടോടെ ഒഴുകിയെത്തി. ഉച്ചക്ക്​ 12 മുതൽ 1600 ക്യുമെക്സിനും 1700 ക്യുമെക്സിനുമിടയിൽ വെള്ളമാണ് ഭൂതത്താൻകെട്ടിൽനിന്ന്​ പുറത്തേക്കൊഴുകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idamalayar dam
News Summary - idamalayar dam opened
Next Story