'ആ സ്ക്രീൻഷോട്ടുകൾ കണ്ട് എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല, അവനെനിക്ക് മകനെപ്പോലെയായിരുന്നു'; മിഹിറിന് നീതി തേടി ഐ.ഡി ഫ്രഷ് മേധാവി
text_fieldsകൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ഫ്‌ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി ഐ.ഡി ഫ്രഷ് ഫൂഡ്സ് സി.ഇ.ഒ പി.സി മുസ്തഫ.
ബന്ധുവും മകന്റെ കളിക്കൂട്ടുകാരനുമായിരുന്ന മിഹിർ അഹ്മദ് നേരിടേണ്ടി വന്ന കൊടുംക്രൂരതക്കെതിരെ സമൂഹമാധ്യമമായ ലിങ്കഡ് ഇന്നിലാണ് അദ്ദേഹം പ്രതികരിച്ചത്.
"മിഹിർ എന്റെ അനന്തരവനാണ്. എന്റെ മകന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന അവൻ ഇന്നില്ല. പതിനഞ്ച് വയസ്സ് മാത്രമായിരുന്നു അവന് പ്രായം. കിൻർ ഗാർട്ടൻ കാലത്ത് അവൻ ബംഗളൂരിൽ ഞങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അവനെനിക്ക് മകനെപ്പോലെയായിരുന്നു. മരണശേഷം അവന്റെ സുഹൃത്തുക്കളിൽ നിന്ന് ഞെട്ടിക്കുന്ന ചില സ്ക്രീൻഷോട്ടുകളും തെളിവുകളും ഞങ്ങൾക്ക് കിട്ടി. സ്കൂളിലും സ്കൂൾ ബസിലും വെച്ച് ഒരു കൂട്ടം വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്ങിനും ഭീഷണികൾക്കും ശാരീരിക ആക്രമണങ്ങൾക്കും മിഹിർ വിധേയനായിട്ടുണ്ട്. ഞങ്ങൾ ശേഖരിച്ച തെളിവുകൾ നൽകുന്നത് ഭയപ്പെടുത്തുന്ന ഒരു ചിത്രമാണ്.
അവരവനെ മർദിക്കുകയും അധിക്ഷേപിക്കുകയും അവസാന ദിവസം പോലും സങ്കൽപ്പിക്കാനാവാത്തത്ര അപമാനം താങ്ങാൻ നിർബന്ധിതനാകുകയും ചെയ്തു. ബലമായി വാഷ്റൂമിലേക്ക് കൊണ്ടുപോയി, ടോയ്‍ലറ്റ് സീറ്റ് നക്കാൻ നിർബന്ധിച്ചു, ടോയ്‍ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ തല അതിനകത്തേക്ക് തള്ളി. ഈ അപമാനകരമായ അനുഭവത്തിന് ശേഷം അവരവനെ ‘പൂപ്പിഹെഡ്’ എന്ന് വിളിക്കാറുണ്ടായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിലും അവൻ അപമാനിക്കപ്പെട്ടു. മരണശേഷവും അവർ ക്രൂരത അവസാനിപ്പിച്ചില്ലെന്ന് ഞെട്ടിക്കുന്ന ഒരു ചാറ്റ് സ്ക്രീൻഷോട്ട് വെളിപ്പെടുത്തുന്നു.‘‘അവൻ ശരിക്കും മരിച്ചു’’ വെന്ന് സന്ദേശമയച്ച് അവർ ആ മരണം ആഘോഷിച്ചു. ആ ചാറ്റ് സ്ക്രീൻഷോട്ടുകൾ കണ്ട് എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
15 വയസ്സുള്ള കുട്ടിയോട് ആർക്കെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ? ഈ കുറ്റവാളികളിൽ നിന്ന് ഭീഷണിപ്പെടുത്തലും റാഗിങ്ങും നേരിടേണ്ടതില്ലാത്ത ഒരു ലോകത്തേക്ക് മിഹിർ പോയി. മിഹിറിന് നീതി ലഭ്യമാക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അവന്റെ മരണം പാഴായിപ്പോകരുത്. ഈ ക്രൂരതക്ക് ഉത്തരവാദികളായവർ നിയമത്തിന്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരും. മിഹിർ അനുഭവിച്ചതുപോലുള്ള കഷ്ടതകൾ മറ്റൊരു കുട്ടിക്കും ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ വ്യവസ്ഥാപിതമായ മാറ്റങ്ങളുമുണ്ടാവണം. നിയമവ്യവസ്ഥയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്, നീതി നിലനിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മിഹിറിന് മാത്രമല്ല, പഠിക്കാനും വളരാനും സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷം സ്വപ്നം കാണുന്ന ഓരോ കുട്ടിക്കും നീതി തേടിക്കൊണ്ടുള്ള ഈ പോരാട്ടത്തെ പിന്തുണക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു."- പി.സി മുസ്തഫ കുറിച്ചു.
#StopRagging #StopBullying #JusticeForMihir എന്നീ ഹാഷ്ടാഗുകളോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

