ഇബ്രാഹിമിന്റെ ആത്മഹത്യ: ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം
text_fieldsകോഴിക്കോട്: സഹകരണ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വടകരയിൽ വയോധികനായ ഇബ്രാഹിം ഹാജി ജീവനൊടുക്കിയതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ബന്ധുക്കൾ. ബാങ്ക് മുൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സുധീർകുമാർ വീട്ടിലെത്തിയാണ് ഇബ്രാഹിം ആത്മഹത്യക്ക് ശ്രമിച്ചത്.
ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ ഇബ്രാഹിം മനോവിഷമത്തിൽ ആയിരുന്നു. മരണമൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഇബ്രാഹിമിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർകുമാറിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി (71) ഇന്നലെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി തീ അണക്കുകയായിരുന്നു. ശരീരത്തിൽ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
6 ലക്ഷം സ്വന്തം പേരിലും 22 ലക്ഷം മറ്റുള്ളവരുടെ പേരിലുമായിട്ടാണ് ഇബ്രാഹിം നിക്ഷേപിച്ചത്. നിക്ഷേപത്തിന്റെ പലിശ പണമായി തന്നെ നേരത്തെ കൈപ്പറ്റിയിരുന്നു. സൊസൈറ്റി പ്രതിസന്ധിയിലായതോടെ ചെക്ക് നൽകി. സൊസൈറ്റി പറയുമ്പോൾ ബാങ്കിൽ ഹാജരാക്കി പണം വാങ്ങാനായിരുന്നു നിർദ്ദേശം. എന്നാൽ ഇബ്രാഹിംകുട്ടി നേരത്തെ ചെക്ക് ബാങ്കിൽ നൽകുകയും ചെക്ക് മടങ്ങുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

