ഇബ്രാഹീംകുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ തുടരാം; കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു
text_fieldsകൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ തുടരാമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കസ്റ്റഡിയിൽ വിടണമെന്ന വിജിലൻസിന്റെ ആവശ്യം കോടതി തള്ളി. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹീംകുഞ്ഞ് ചികിത്സയിലുള്ളത്.
ആശുപത്രിയിൽ വെച്ച് വിജിലൻസിന് എം.എൽ.എയെ ചോദ്യംചെയ്യാമെന്ന് കോടതി നിർദേശിച്ചു.
എം.എൽ.എക്ക് ഗുരുതര ആേരാഗ്യപ്രശ്നങ്ങളുണ്ടെന്ന വൈദ്യപരിശോധന റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. അേദ്ദഹത്തെ കസ്റ്റഡിയിൽ വിടാവുന്ന സ്ഥിതിയല്ലെന്ന് കോടതി വാക്കാൽ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര അർബുദം ബാധിച്ച ഇബ്രാഹീംകുഞ്ഞ് ഡോ. വി.പി. ഗംഗാധരെൻറ ചികിത്സയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏപ്രിൽ നാലുമുതൽ ഈ മാസം 14 വരെ 33 തവണ ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചു. കീമോതെറപ്പി ചെയ്യുന്നുണ്ട്. രോഗം മൂലം പ്ലാസ്മ സെൽ വർധിക്കുന്നതിലൂടെ അസ്ഥികൾക്ക് ബലം കുറഞ്ഞ് ഒടിയും. കഴുത്തിലെ അസ്ഥിക്ക് ഇപ്പോൾതന്നെ ഒടിവുണ്ട്. കൈക്ക് ശേഷിക്കുറവുണ്ട്.
പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദമുള്ളതിനാൽ ഡോക്ടർമാരുടെ സേവനം എപ്പോഴും ആവശ്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും വേറെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അണുബാധക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ കഴിഞ്ഞ 18നാണ് ആശുപത്രിയിൽ വെച്ച് വിജിലൻസ് എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹീംകുഞ്ഞ്.