എ.കെ. ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ കാന്തപുരം വിഭാഗം: ‘വർഗീയ, വിദ്വേഷ വിത്ത് കേരള മണ്ണിൽ മുളക്കില്ല’
text_fieldsപാലക്കാട്: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മാറാടുകൾ ആവർത്തിക്കുമെന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനക്കെതിരെ കാന്തപുരം വിഭാഗം. വർഗീയ പരാമർശം ആര് പറഞ്ഞാലും അത് അംഗീകരിക്കാൻ ആകില്ലെന്നും ആ വിത്ത് കേരളത്തിന്റെ മണ്ണിൽ മുളക്കില്ലെന്നും കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.
തങ്ങളുമായി സഹകരിക്കാതിരുന്ന മുസ്‍ലിം ലീഗ് ഇപ്പോൾ നിലപാട് മാറ്റിയെന്നും അധികം വൈകാതെ സുന്നി ഐക്യം യാഥാർത്ഥ്യമാകുമെന്നും ഖലീൽ തങ്ങൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് ആ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഉപനായകനായ അദ്ദേഹം മീഡിയവണുമായി സംസാരിക്കുകയായിരുന്നു.
എ.കെ. ബാലന്റേത് പോലുള്ള പ്രസ്താവനകൾ ഏതു ഭാഗത്തുനിന്നാണെങ്കിലും ശരി, വർഗീതയും വിഭാഗീതയും വിദേവഷവും വൈരാഗ്യവും ഉണ്ടാകുന്ന പ്രസ്താവന ആർക്കും നല്ലതല്ല. ഈ വിഭാഗീയതയുടെയും വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്ത് ഈ കേരള മണ്ണിൽ മുളക്കില്ലെന്നത് കഴിഞ്ഞകാല അനുഭവങ്ങളാണ്. കേരളജനങ്ങൾ വിദ്യാസമ്പന്നരും പ്രബുദ്ധരുമാണ്. അവർ നാടിൻറെ സൗഹാർദ്ദവും ഒത്തൊരുമയും കാത്തുസൂക്ഷിക്കുന്നവരാണ്. ഏത് കക്ഷി വർഗീയത പറഞ്ഞാലും അവർ ഒറ്റപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യും. അവർക്ക് വളരാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല -തങ്ങൾ പറഞ്ഞു.
മുസ്‍ലിം ലീഗുമായി ഞങ്ങൾക്ക് അന്നും ഇന്നും എന്നും ഒരേ നിലപാടാണ്. ആ നിലപാടിൽ നിന്ന് അണുമണി തൂക്കം ഞങ്ങൾ മാറിയിട്ടില്ല. എല്ലാ വേദികളിലും ഞങ്ങൾ അവരെ വിളിക്കാറുണ്ടായിരുന്നു. അവർ വരാറില്ലായിരുന്നു. ഇപ്പോൾ അവർ ഞങ്ങളോട് പൂർണതോതിൽ സഹകരിക്കുന്നുണ്ട്. കേരളയാത്രക്ക് തിരൂരിലെ സ്വീകരണത്തിൽ അവരുടെ ഒന്നിലധികം പ്രതിനിധികൾ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും. ഞങ്ങളുടെ ഉന്നതസമിതി യോഗം ചേർന്ന് പാർട്ടിയുമായി ചർച്ചകൾ നടത്തി വ്യക്തമായ തീരുമാനം എടുക്കും. ഏത് പാർട്ടിക്ക്, മുന്നണിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് ഞങ്ങളുടെ സംഘടന ചാനലിലൂടെ പ്രവർത്തകരെ ഞങ്ങൾ അറിയിക്കും. അങ്ങനെയാണ് ഇതുവരെ നടന്നുവന്നത് -അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

