സാലറി ചലഞ്ചിനില്ലെന്ന് ഐ.എ.എസ് അസോസിയേഷൻ; സഹായം പ്രത്യേകമായി നൽകാൻ നീക്കം
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിന്‍റെ പേരിൽ ആഗസ്റ്റ് മാസത്തെ വിഹിതം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ. ഇതു സംബന്ധിച്ച് അസോസിയേഷൻ പ്രസിഡന്‍റ് ബി. അശോക് ധന സെക്രട്ടറിക്കു കത്തും നൽകി. സാലറി ചലഞ്ചിനപ്പുറം അംഗങ്ങൾ ഓരോരുത്തരും 50,000 രൂപ വീതം നൽകണമെന്ന് അസോസിയേഷൻ നേതൃത്വത്തിന് അഭിപ്രായമുണ്ട്. അതേസമയം, ഇക്കാര്യത്തിൽ എല്ലാ അംഗങ്ങളുടെയും നിലപാട് അറിയാനോ അഭിപ്രായ സമന്വയമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല.
സമയപരിമിതി മൂലം യോഗവും ചേരാനുമായിട്ടില്ല. ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്ന് അഞ്ചു ദിവസത്തെ ശമ്പളവിഹിതം പിടിച്ച് തുടങ്ങിയാൽ പിന്നെ 50,000 രൂപ വീതം നൽകുന്നതിൽ പലരും തയാറാവില്ലെന്നും ഈ സാഹചര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള സാവകാശത്തിനുവേണ്ടിയാണ് ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്ന് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ധനസെക്രട്ടറിക്ക് കത്ത് നൽകിയതെന്നും അസോസിയേഷൻ പ്രസിഡന്‍റ് ബി. അശോക് ‘മാധ്യമ’ത്തോട് പറഞ്ഞു. ശമ്പളം വിട്ടുനൽകില്ലെന്ന് അസോസിയേഷൻ ഒരിടത്തും പറഞ്ഞില്ല. അങ്ങനെ ഒരു നിലപാടില്ല. സെപ്റ്റംബറിൽ യോഗം ചേർന്ന് അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വിസ് സംഘടനകളുടെ യോഗം വിളിച്ചെങ്കിലും ഐ.എ.എസ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നില്ല. അതേസമയം, ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം വരെ വയനാടിനായി നല്‍കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

