ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാര്‍ഗരേഖയുമായി െഎ.എ.പി
text_fieldsകൊച്ചി: കുട്ടികളുടെ ആരോഗ്യകരമായ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിന് മാര്‍ഗ നിർദേശങ്ങളുമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി). കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോസയന്സുമായി (ഇംഹാൻസ്) ചേര്‍ന്ന് നടത്തിയ പഠനത്തെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിർദേശങ്ങള്‍ ഐ.എ.പി പുറത്തിറക്കിയത്.
കോവിഡിെൻറ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇത് കുട്ടികളില്‍ പൊണ്ണത്തടി, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പെരുമാറ്റ വൈകല്യങ്ങള്‍, ഉത്കണ്ഠ, വിഷാദം, വിഡിയോ ഗെയിം അഡിക്ഷന്, മൊബൈല്‍ ഫോണ്‍ അഡിക്ഷന് എന്നിങ്ങനെ വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ കൂടി വരുന്നതായി ഐ.എ.പി സംസ്ഥാന പ്രസിഡൻറ് ഡോ. എം. നാരായണന്, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ.പി.കൃഷ്ണകുമാര്‍ എന്നിവര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഐ.എ.പി. വിദഗ്ധ പഠനം നടത്തി മാര്‍ഗ നിർദേശങ്ങള്‍ പുറത്തിറക്കിയത്.
പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്നും ഒഴിവാക്കുക, പ്രൈമറി ക്ലാസുകളില്‍ പഠനം ഒരുമണിക്കൂറാക്കുക, മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് നിശ്ചിത സമയം മാത്രമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമപ്പെടുത്തുക തുടങ്ങിയവയാണ് നിർദേശങ്ങള്‍. മൊബൈല്‍ ഫോണില്‍ മാത്രമാകാതെ ക്ലാസുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുക, കുട്ടികളുമായി സംവദിച്ചുകൊണ്ടുള്ള പഠന രീതി അവലംബിക്കുക, ക്ലാസുകള്‍ 30-40 മിനിറ്റില്‍ ഒതുങ്ങത്തക്കവിധം ക്രമപ്പെടുത്തുക, വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ അസൈന്‍മെൻറും ഹോംവര്‍ക്കും ചര്‍ച്ചയാക്കാതിരിക്കുക, തനിച്ചല്ല അധ്യാപകര്‍ ഒപ്പമുണ്ട് എന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് ഉളവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധ്യാപകര്‍ക്കായി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥിമാത്രം പങ്കെടുക്കുക, കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക, കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കുക തുടങ്ങി നിർദേശങ്ങളാണ് രക്ഷിതാക്കള്‍ക്കായി ഐ.എ.പി നല്‍കുന്നത്.