'ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും'- വിമർശകർക്ക് മറുപടിയുമായി കെ.ആര്‍. മീര
text_fieldsതിരുവനന്തപുരം: ‘കലാച്ചി’, ‘സിൻ’ എന്നീ നോവലുകളെച്ചൊല്ലിയുള്ള വിവാദങ്ങളിൽ മാധ്യമങ്ങൾക്കും വിമർശകർക്കും മറുപടിയുമായി പ്രമുഖ എഴുത്തുകാരി കെ.ആർ. മീര. താൻ എപ്പോഴും ‘എയറിൽ’ നിൽക്കുന്ന ആളാണെന്നും, എല്ലാക്കാലത്തും അങ്ങനെ നിന്നുകൊണ്ട് തന്നെയാണ് എഴുതിയിട്ടുള്ളതെന്നും അവർ പറഞ്ഞു. തനിക്ക് നേരെ എറിയപ്പെടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയുമെന്നും, എത്രയൊക്കെ പ്രതിസന്ധികളുണ്ടായാലും എഴുത്ത് അവസാനിപ്പിക്കില്ലെന്നും മീര വ്യക്തമാക്കി.
കാലങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് തന്റെ പുസ്തകങ്ങളെന്നും, കൃത്യമായ അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാനാണ് ഇവിടെ എക്കാലത്തും ശ്രമം നടന്നിട്ടുള്ളതെന്നും മീര ചൂണ്ടിക്കാട്ടി. മുൻപുണ്ടായ ഒരു കവിതാ മോഷണ വിവാദത്തെ പരാമർശിച്ച്, സമൂഹത്തിലെ ഇരട്ടത്താപ്പിനെയും അവർ വിമർശിച്ചു.
"അനുകരണ വിവാദങ്ങളിൽ ഒരിക്കലും പുരുഷന്മാരുടെ പേര് പറയാറില്ല. പകരം 'ദീപയടി' എന്നാണ് പ്രയോഗം. അവിടെ ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിക്കുകയായിരുന്നു. ഒടുവിൽ ചതിക്കപ്പെട്ടയാൾ ശിക്ഷിക്കപ്പെട്ടു, ചതിച്ച ആളോട് ആരും ചോദ്യങ്ങൾ ചോദിച്ചതുമില്ല. 'ദീപയടി' എന്നതുപോലെ 'മീരയടി' എന്ന് ആക്ഷേപിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കും. ഞാൻ എഴുതിയ പുസ്തകങ്ങൾ എന്റെ സാക്ഷ്യമായി മുന്നിലുണ്ട്" -കെ.ആർ. മീര പറഞ്ഞു.
മാധ്യമങ്ങളുടെ ഇപ്പോഴത്തെ നിലപാടുകൾക്കെതിരെയും എഴുത്തുകാരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. മാധ്യമങ്ങളിൽ ഇന്ന് നടക്കുന്നത് വലിയ അധർമ്മമാണെന്നും അനാവശ്യ കാര്യങ്ങളാണ് പലപ്പോഴും ആഘോഷിക്കപ്പെടുന്നതെന്നും അവർ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ എഴുത്തുകാരോട് വലിയ മനുഷ്യത്വത്തോടെയാണ് മാധ്യമപ്രവർത്തകർ പെരുമാറിയിരുന്നതെന്നും അവർ ഓർമ്മിപ്പിച്ചു.
തന്റെ വ്യക്തിപരമായ വേദനകളെക്കുറിച്ച് ചിന്തിച്ച് സ്വാർത്ഥയാകാൻ തനിക്കാവില്ലെന്ന് പറഞ്ഞ മീര, വരാനിരിക്കുന്ന തലമുറയിലെ എഴുത്തുകാരികളെയെങ്കിലും ഇത്തരം വേട്ടയാടലുകളിൽ നിന്ന് വെറുതെ വിടണമെന്ന് അഭ്യർത്ഥിച്ചു. ഭാവി തലമുറ 'എന്തുകൊണ്ട് നിങ്ങൾ പ്രതികരിച്ചില്ല' എന്ന് ചോദിക്കുന്നതിനെ മാത്രമാണ് തനിക്ക് ഭയമുള്ളത്. എഴുത്തുകാരോട് കുറച്ചുകൂടി അനുകമ്പ കാണിക്കാൻ സമൂഹം തയ്യാറാകണമെന്നും, ഇനിയും ഒരു ഇരുപതോളം പുസ്തകങ്ങൾ കൂടി എഴുതണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

