‘ഞാൻ യുക്തിവാദിയും ഇസ്‍ലാമോഫോബുമായിരുന്നു, അത് പറയാൻ ഒരു മടിയുമില്ല’ -നടി ലാലി
text_fieldsകൊച്ചി: ഏതാണ്ട് അഞ്ച് വർഷം മുമ്പ് വരെ താൻ നല്ലൊരു ഇസ്‍ലാമോഫോബായിരുന്നുവെന്നും അതിപ്പോൾ തുറന്നുപറയാൻ യാതൊരു മടിയുമില്ലെന്നും നടി പി.എം. ലാലി. ആദ്യം ഒരു അവിശ്വാസിയായിട്ടാണ് ഞാൻ വളർന്നത്. പിന്നീട് കേവല യുക്തിവാദിയായി മാറി. യുക്തിവാദത്തിൽ നിന്ന് വളരെ സ്വാഭാവികമായി ഇസ്‍ലാമോഫോബിക്കായി വളർന്നു. അടുത്ത കാലം വരെ അങ്ങനെ തന്നെയായിരുന്നു. അതിൽ നിന്ന് ഒരു മാറ്റം വരുന്നത് ഏകദേശം അഞ്ചു വർഷം മുമ്പ് മുതലാണ്. അതുവരെ ഞാൻ നല്ലൊരു ഇസ്‍ലാമോഫോബായിരുന്നു -ലാലി പറഞ്ഞു.
അന്താരാഷ്ട്ര ഇസ്‍ലാമോഫോബിയ ദിനമായ മാർച്ച് 15ന് അപരപ്രിയം ട്രസ്റ്റും കേരള നെറ്റ്‌വർക്ക് എഗെയിൻസ്റ്റ് ഇസ്‍ലാമോഫോബിയയും ചേർന്ന് എടവനക്കാട് സംഘടിപ്പിച്ച ‘ദി ടോപ്പ് മീഡിയ’ യൂട്യൂബ് ചാനലിന്റെയും ഇസ്‍ലാമോഫോബിയ വാച്ച് വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
‘ഭീകരവാദികൾ എല്ലാം മുസ്‍ലിംകളാണെന്നും മുസ്‍ലിംകളാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമെന്നുമായിരുന്നു എന്റെ ധാരണ. മുസ്‍ലിംകൾക്ക് വൃത്തിയില്ല. അവർ പിന്നാക്കമാണ്. ഇങ്ങനെ അനവധി മുൻവിധികൾ ഞാൻ മനസ്സിൽ വെച്ചിരുന്നു. അതിലും കൗതുകകരമായ കാര്യം, ഞാൻ മുസ്‍ലിം ഐഡന്റിറ്റിയുള്ള ഒരാളായിരിക്കുമ്പോഴും മുസ്‍ലിംവിരുദ്ധ പരാമർശങ്ങൾ പറയാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത് ഒരു വംശീയതയുടെയും വിദ്വേഷത്തിന്റെയും രൂപത്തിലേക്ക് മാറിയാലും എനിക്ക് അതിൽ പ്രശ്നമൊന്നും തോന്നിയിരുന്നില്ല.
പലരും എന്നോട് പറയും: “മുസ്‍ലിംകൾ എല്ലാം നിങ്ങളെ പോലെ ആകണം.” കാരണം ഞാൻ ഒരു പ്രത്യേക മതവിശ്വാസം പിന്തുടരുന്നില്ല. പ്രത്യേക ആചാരങ്ങൾ പാലിക്കുന്നില്ല. പ്രത്യേക വേഷവിധാനങ്ങളും പിന്തുടരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഒരു ‘മതേതര’ വ്യക്തിയായി പലരും പുകഴ്ത്തി സംസാരിക്കുമായിരുന്നു. “നിങ്ങൾ മതേതരമാണ്, പക്ഷേ മറ്റ് മുസ്‍ലിംകൾ അങ്ങനെയല്ല” എന്ന രീതിയിൽ അവർ പറയുമ്പോൾ ഞാൻ അതിൽ അഭിമാനിച്ചിരുന്നു. ആ സമയത്ത് ഞാൻ അതിനെ ഒരു പ്രശംസയായി സ്വീകരിച്ചിരുന്നു.
പിന്നീട് ഞാൻ മനസ്സിലാക്കിയതാണ് ഈ ധാരണകൾ എല്ലാം വ്യക്തിപരമായതല്ല. സമൂഹം, മാധ്യമങ്ങൾ, സിനിമകൾ, പുസ്തകങ്ങൾ, കവിതകൾ, നോവലുകൾ എന്നിവ ചേർന്ന് നമ്മുടെ മനസ്സിൽ നിർമ്മിച്ചെടുത്ത ചിത്രങ്ങളാണ്. ചെറുപ്പത്തിൽ തന്നെ നമ്മുടെ മനസ്സിൽ മുസ്‍ലിംകളെ കുറിച്ചുള്ള ഒരു പ്രത്യേക ഇമേജ് പതിയുന്നു. വട്ടത്തൊപ്പിയും വസൂരിക്കലയും പ്രത്യേക മുഖഭാവവുമുള്ള ഒരു കഥാപാത്രം. അങ്ങനെ ഒരു ഇമേജ്.
ഇത് സിനിമകളിലും കാണാം. മിക്കവാറും എല്ലാ സിനിമകളും മുസ്‍ലിംകളെ ഒരു പ്രത്യേക രീതിയിൽ മാത്രമാണ് അവതരിപ്പിക്കുന്നത്’ -ലാലി പറഞ്ഞു.
പ്രസംഗത്തിന്റെ പൂർണരൂപം:
കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം.
ഇസ്‍ലാമോ ഫോബിയക്കെതിരായ യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ് ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല.
ഞാൻ വളർന്നത് ആദ്യം ഒരു അവിശ്വാസിയായിട്ടാണ്. ആ അവിശ്വാസത്തിൽ നിന്ന് ഞാൻ പിന്നീട് ഒരു കേവല യുക്തിവാദിയായി മാറി. ആ യുക്തിവാദത്തിൽ നിന്ന് വളരെ സ്വാഭാവികമായി ഞാൻ ഒരു ഇസ്‍ലാമോഫോബിക്കായി വളർന്നു. അടുത്ത കാലം വരെ അങ്ങനെ തന്നെയായിരുന്നു ഞാൻ. അതിൽ നിന്ന് ഒരു മാറ്റം വരുന്നത് വളരെ അടുത്തകാലത്താണ്. ഏകദേശം അഞ്ചു വർഷം മുമ്പ് മുതലാണ്. അതുവരെ ഞാൻ നല്ലൊരു ഇസ്‍ലാമോഫോബായിരുന്നു.
എനിക്ക് അന്ന് തോന്നിയിരുന്നത് എന്തായിരുന്നു? ‘ഭീകരവാദികൾ’ എല്ലാം മുസ്‍ലിംകളാണ്. മുസ്‍ലിംകളാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമെന്നായിരുന്നു എന്റെ ധാരണ. മുസ്‍ലിംകൾക്ക് വൃത്തിയില്ല. അവർ പിന്നാക്കമാണ്. ഇങ്ങനെ അനവധി മുൻവിധികൾ ഞാൻ മനസ്സിൽ വെച്ചിരുന്നു. അതിലും കൗതുകകരമായ കാര്യം, ഞാൻ മുസ്‍ലിം ഐഡന്റിറ്റിയുള്ള ഒരാളായിരിക്കുമ്പോഴും മുസ്‍ലിംവിരുദ്ധ പരാമർശങ്ങൾ പറയാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത് ഒരു വംശീയതയുടെയും വിദ്വേഷത്തിന്റെയും രൂപത്തിലേക്ക് മാറിയാലും എനിക്ക് അതിൽ പ്രശ്നമൊന്നും തോന്നിയിരുന്നില്ല.
പലരും എന്നോട് പറയും: “മുസ്‍ലിംകൾ എല്ലാം നിങ്ങളെ പോലെ ആകണം.” കാരണം ഞാൻ ഒരു പ്രത്യേക മതവിശ്വാസം പിന്തുടരുന്നില്ല. പ്രത്യേക ആചാരങ്ങൾ പാലിക്കുന്നില്ല. പ്രത്യേക വേഷവിധാനങ്ങളും പിന്തുടരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഒരു ‘മതേതര’ വ്യക്തിയായി പലരും പുകഴ്ത്തി സംസാരിക്കുമായിരുന്നു. “നിങ്ങൾ മതേതരമാണ്, പക്ഷേ മറ്റ് മുസ്‍ലിംകൾ അങ്ങനെയല്ല” എന്ന രീതിയിൽ അവർ പറയുമ്പോൾ ഞാൻ അതിൽ അഭിമാനിച്ചിരുന്നു. ആ സമയത്ത് ഞാൻ അതിനെ ഒരു പ്രശംസയായി സ്വീകരിച്ചിരുന്നു.
പിന്നീട് ഞാൻ മനസ്സിലാക്കിയതാണ് ഈ ധാരണകൾ എല്ലാം വ്യക്തിപരമായതല്ല. സമൂഹം, മാധ്യമങ്ങൾ, സിനിമകൾ, പുസ്തകങ്ങൾ, കവിതകൾ, നോവലുകൾ എന്നിവ ചേർന്ന് നമ്മുടെ മനസ്സിൽ നിർമ്മിച്ചെടുത്ത ചിത്രങ്ങളാണ്. ചെറുപ്പത്തിൽ തന്നെ നമ്മുടെ മനസ്സിൽ മുസ്‍ലിംകളെ കുറിച്ചുള്ള ഒരു പ്രത്യേക ഇമേജ് പതിയുന്നു.
എനിക്ക് ചെറുപ്പത്തിൽ എന്റെ വാപ്പ കൊണ്ടുവന്നിരുന്ന കാസറ്റ് കവിതകൾ ഉണ്ടായിരുന്നു. അവയിൽ “ആയിഷ” എന്നൊരു കവിത ഉണ്ടായിരുന്നു. വയലാറിന്റെ കവിത. അതിൽ മുസ്‍ലിം നായികയുടെ സങ്കടങ്ങളും ദുരിതങ്ങളും പറയുന്നുണ്ട്. പക്ഷേ അതിനൊപ്പം നമ്മുടെ മനസ്സിൽ ഒരു പ്രത്യേക രൂപം പതിഞ്ഞുപോകുന്നു. വട്ടത്തൊപ്പിയും വസൂരിക്കലയും പ്രത്യേക മുഖഭാവവുമുള്ള ഒരു കഥാപാത്രം. അങ്ങനെ ഒരു ഇമേജ്.
ഇത് സിനിമകളിലും കാണാം. മിക്കവാറും എല്ലാ സിനിമകളും മുസ്‍ലിംകളെ ഒരു പ്രത്യേക രീതിയിൽ മാത്രമാണ് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഒരു പ്രതിയെ കോടതിയിൽ കൊണ്ടുപോകുമ്പോൾ പോലീസ് തോക്കുമായി പോകുന്ന ഒരു രംഗമുണ്ട്. “എന്തിനാണ് ഇത്ര സുരക്ഷ?” എന്ന് ചോദിക്കുമ്പോൾ മറുപടി ഇങ്ങനെ ആണ്. “പ്രതി മുസ്‍ലിം ആണല്ലോ, സാർ.” അതായത് മുസ്‍ലിംകളെ സ്വാഭാവികമായി തന്നെ ഭീഷണിയായി കാണിക്കുന്ന ഒരു മാധ്യമ സൃഷ്ടി.
നമ്മുടെ സമൂഹത്തിലെ മാധ്യമ സംസ്കാരം അങ്ങനെ ഒരു ചിത്രം നിർമ്മിച്ചിട്ടുണ്ട്. ആ സംസ്കാരത്തിന്റെ ഉൽപ്പന്നം തന്നെയായിരുന്നു ഞാൻ.
പിന്നീട് സുദേഷ് എം. രഘുവിനെപ്പോലുള്ള ചിലരുടെ എഴുത്തുകളും ചർച്ചകളും കേട്ടും വായിച്ചും തുടങ്ങിയപ്പോൾ എന്റെ ഉള്ളിൽ ഒരു ആത്മപരിശോധന ആരംഭിച്ചു. ആത്മപരിശോധന ഉണ്ടാകുമ്പോഴാണ് നമ്മുടെ ഉള്ളിലെ മുൻവിധികൾ നമ്മുക്ക് മനസ്സിലാകുന്നത്.
ഒരു ചെറിയ ഉദാഹരണം പറയാം. റമദാൻ മാസത്തിൽ സകാത്ത് പിരിക്കാൻ ആളുകൾ വരുമ്പോൾ ചിലർ പറയും. “റമദാൻ മുസ്‍ലിംകളെ തെണ്ടികളാക്കുന്ന മാസമാണ്.” എന്നാൽ അതേ സമയം ഞങ്ങളുടെ അടുത്ത് ക്ഷേത്രത്തിനോ ക്ലബ്ബുകൾക്കോ പൈസ ശേഖരിക്കാൻ ആളുകൾ വരുമ്പോൾ ആരും അവരെ തെണ്ടികൾ എന്ന് വിളിക്കാറില്ല. പക്ഷേ മുസ്‍ലിംകൾ സകാത്ത് ശേഖരിക്കുമ്പോൾ മാത്രമാണ് അങ്ങനെ പറയുന്നത്. ഇതാണ് സമൂഹത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മുൻവിധികൾ.
ഇന്നത്തെ സാഹചര്യത്തിൽ റമദാൻ മാസത്തിലും മുസ്‍ലിംകൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നത് നമ്മൾ കാണുന്നു. ചില സർവകലാശാലകളിൽ മുമ്പ് നോമ്പുതുറ സമയത്തോട് അനുയോജ്യമായി ഭക്ഷണം നൽകുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ അത് മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അത് വലിയ ബുദ്ധിമുട്ടാണ്. പക്ഷേ അത് പോലും സമൂഹത്തിൽ വലിയ പ്രശ്നമായി കാണപ്പെടുന്നില്ല. കാരണം ഇത്തരം കാര്യങ്ങൾ പതിയെ ‘നോർമലൈസ്’ ചെയ്യപ്പെടുകയാണ്.
നോർത്ത് ഇന്ത്യയിൽ റമദാൻ നോമ്പ് നോറ്റ സ്ത്രീകളെപ്പോലും അടിച്ചുകൊല്ലുന്ന സാഹചര്യം ഉണ്ടാകുന്നു. ഇതൊന്നും വലിയ പ്രശ്നമായി ഭരണകൂടം കാണുന്നില്ല. മുസ്‍ലിംകളെ ‘അപരവൽക്കരിക്കുക’ വഴി അവരെന്തോ ഭീകരരാണെന്ന ബോധം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്.
ദേശീയതലത്തിലും അന്തർദേശീയതലത്തിലും ഇസ്‍ലാമോഫോബിയ വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും പ്രാദേശിക തലത്തിൽ പോലും അതിന്റെ നിരവധി രൂപങ്ങൾ കാണാം. വെള്ളാപ്പള്ളി നടത്തുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ സംസാരിക്കേണ്ട മുഖ്യമന്ത്രി, അയാളെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടുന്നത് ഖേദകരമാണ്.
മലപ്പുറത്തെ അപരവൽക്കരിക്കുന്ന രാഷ്ട്രീയവും പ്രചാരണങ്ങളും അതിന്റെ ഉദാഹരണമാണ്. ഒരു സംഭവം മറ്റൊരു ജില്ലയിൽ നടന്നാലും “മലപ്പുറത്തിന്റെ അതിർത്തി ജില്ല” എന്ന രീതിയിൽ അവതരിപ്പിക്കുന്ന പ്രചാരണങ്ങൾ പോലും നമ്മൾ കാണുന്നു. എന്നാൽ നമ്മൾ തൃശൂരിന്റെ അതിർത്തി പ്രദേശം എന്നു എറണാകുളത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയാറില്ല. അതിലൂടെ ഒരു പ്രദേശത്തെയും ഒരു സമൂഹത്തെയും സ്ഥിരമായി സംശയത്തിന്റെ കീഴിൽ നിർത്തുന്ന ഒരു സംസ്കാരം രൂപപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഇസ്‍ലാമോഫോബിയയെ ചോദ്യം ചെയ്യുന്ന ഒരു ചാനലും വെബ്സൈറ്റും ഉണ്ടാകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത് സമൂഹത്തിന് ആത്മപരിശോധനയ്ക്ക് വഴിയൊരുക്കും. മറ്റുള്ളവരോട് ഈ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും പ്രചരിപ്പിക്കാനും അവസരം സൃഷ്ടിക്കും.
ഇസ്‍ലാമോഫോബിയയെക്കുറിച്ച് പറയാൻ ഒരുദിവസം മുഴുവൻ സംസാരിക്കാനാകുന്നത്ര അനുഭവങ്ങളും ഉദാഹരണങ്ങളും എനിക്ക് പറയാനുണ്ട്. എന്നാൽ സമയം കുറവാണ്.
എന്തായാലും, ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാനും ഈ ചാനലിന്റെ ഉദ്ഘാടനം നിർവഹിക്കാനും കഴിഞ്ഞത് എനിക്ക് വലിയ സന്തോഷമാണ്. എന്റെ പഴയ മനോഭാവങ്ങളെ ഓർക്കുമ്പോൾ ഇത് എനിക്ക് കാലം നൽകിയ ഒരു ഉത്തരവാദിത്തമായി ഞാൻ കാണുന്നു.
ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും, ഈ പരിപാടിയുടെ സംഘാടകർക്കും എന്റെ ഹൃദയപൂർവ്വമായ ആശംസകളും അഭിവാദ്യങ്ങളും.
(കടപ്പാട്: islamophobiawatch.org)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

