'പ്രോട്ടോക്കോൾ അറിയാം, അതിനാലാണ് മോദിക്കരികിലേക്ക് പോകാതിരുന്നത്', അകലം പാലിച്ചതിൽ ശ്രീലേഖ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വേദിയിൽ പ്രധാനമന്ത്രിയുടെ അരികിലേക്ക് പോകാതിരുന്നതിലും അകലം പാലിച്ചതിലും വിശദീകരണവമായി മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ.
പാർട്ടി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് തനിക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നത് പ്രോട്ടോക്കോൾ കൃത്യമായി അറിയാവുന്നതുകൊണ്ടാണെന്നാണ് ശ്രീലേഖയുടെ വിശദീകരണം. പൊലീസ് ഉദ്യോഗസ്ഥയായി വി.വി.ഐ.പി ഡ്യൂട്ടികളിൽ പാലിക്കേണ്ട അച്ചടക്കം മാത്രമാണ് താൻ പാലിച്ചതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
ഇന്നലെ ബി.ജെ.പി പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രിയുടെ അടുത്ത് പോലും ശ്രീലേഖ പോയില്ല. മറ്റ് നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാറിനിന്നു. കോര്‍പറേഷന്‍ മേയറാക്കാത്തതില്‍ നേരത്തെ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയുള്ള പ്രതികരണമാണെന്ന് വിമർശനുയർന്നതോടെയാണ് ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പൊലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെൻ്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. താൻ എപ്പോഴും ബിജെപിക്കൊപ്പം', എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലേഖ പ്രതികരണം അവസാനിപ്പിച്ചത്.
പൊതുസമ്മേളന വേദിയിലുണ്ടായിരുന്നെങ്കിലും മോദിയുടെയും സംസ്ഥാന നേതാക്കളുടെയും അടുത്തേക്ക് ശ്രീലേഖ പോയിരുന്നില്ല. പ്രസംഗം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെ നേതാക്കൾക്ക് കൈകൊടുത്ത് മുന്നോട്ടു നീങ്ങിയപ്പോഴും അകലേക്ക് മാറി നിൽക്കുകയായിരുന്നു ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രലേഖ.
ഒടുവിൽ, മേയര്‍ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉള്‍പ്പടെ നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ അടുത്തേക്ക് പോകാതെ ഒറ്റക്ക് മാറിനിന്നു. പിന്നീട് വേദിയുടെ മറുഭാഗത്തുകൂടി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബി.ജെ.പി മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുകയും ഒടുവിൽ പരിഗണിക്കാതിരിക്കുകയും ചെയ്തതിലെ അതൃപ്തിയിലാണ് ശ്രീലേഖ. മേയറായി വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. വേദിയിൽ പ്രധാനമന്ത്രിയെ അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്. തിരുവനന്തപുരം കോർപറേഷൻ വികസന നയം, അതിവേഗ റെയിൽപാത എന്നിവയടക്കം വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

